മലപ്പുറം: ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന പ്രമേയത്തിൽ ജനുവരി 29,30,31 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടത്തപ്പെടുന്ന ‘കാലം’ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗം എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫാരിസ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. കാൽ നൂറ്റാണ്ടിന് ശേഷമാണ് എം.എസ്.എഫിൻ്റെ സംസ്ഥാന സമ്മേളനം മലപ്പുറത്തേക്ക് എത്തുന്നത്.
വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥി റാലി സംഘടിപ്പിക്കുന്നത്. ജനുവരി 29ന് കൊടിമര – പതാക ജാഥകളുടെ സംഗമവും പതാക ഉയർത്തൽ ചടങ്ങും, 30ന് സാംസ്കാരിക സംഗമവും സംഗീത വിരുന്നും, 31ന് അര ലക്ഷം പ്രവർത്തകരുടെ വിദ്യാർത്ഥി മഹാറാലിയും പൊതുസമ്മേളനവും സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും. മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികളെ റാലിയിൽ പങ്കെടുപ്പിക്കാൻ ജില്ലാ പ്രവർത്തകസമിതി അന്തിമരൂപം നൽകി. സമ്മേളനത്തിൻ്റെ വിജയത്തിനായി പഞ്ചായത്ത് – മുനിസിപ്പൽ പ്രസിഡൻ്റ്, ജന.സെക്രട്ടറി, ട്രഷറർ, മണ്ഡലം ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി രണ്ട് മേഖല കൺവെൻഷനുകൾ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
തിരൂർ മേഖല കൺവെൻഷൻ ഇന്ന് രാത്രി 7 മണിക്ക് തിരൂർ മണ്ഡലം മുസ്‌ലിംലീഗ് ഓഫീസിൽ വെച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊന്നാനി, തവനൂർ, കോട്ടക്കൽ, തിരൂർ, താനൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളാണ് പങ്കെടുക്കേണ്ടത്. മഞ്ചേരി മേഖല കൺവെൻഷൻ നാളെ രാത്രി 7 മണിക്ക് മഞ്ചേരി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ഇസ്മായിൽ മുത്തേടം ഉദ്ഘാടനം ചെയ്യും. നിലമ്പൂർ, വണ്ടൂർ, ഏറനാട്, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ, മലപ്പുറം, വേങ്ങര കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളാണ് പങ്കെടുക്കേണ്ടത്.
യോഗത്തിൽ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ പി.എ.ജവാദ്, അഖിൽ കുമാർ ആനക്കയം, അഡ്വ: കെ.തൊഹാനി, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ഹരിത സംസ്ഥാന ജന.കൺവീനർ ടി.പി.ഫിദ, ബാലകേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ ചേലേമ്പ്ര, ടെക്ക്ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ, മെഡിഫെഡ് സംസ്ഥാന ചെയർമാൻ ഡോ: അനസ് പൂക്കോട്ടൂർ, ഇക്റ സംസ്ഥാന ജന.കൺവീനർ കെ.എ.ആബിദ് റഹ്‌മാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റാഷിദ് കോക്കൂർ, റഹീസ് ആലുങ്ങൽ, എം.ഷാക്കിർ, ജില്ലാ ഭാരവാഹികളായ ഷിബി മക്കരപ്പറമ്പ്, ടി.പി.നബീൽ, സി.പി.ഹാരിസ്, അർഷദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, എ.വി.നബീൽ, നിസാം.കെ.ചേളാരി, ആസിഫ് പനോളി, ആഷിഖ് പാതാരി, ഹരിത ജില്ലാ ജന.കൺവീനർ ഷഹാന ഷർത്തു, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പി.കെ.ഷിഫാന, യൂണിയൻ ജന.സെക്രട്ടറി സുഫിയാൻ വില്ലൻ എന്നിവർ പങ്കെടുത്തു.