മുഗള്‍ ഭരണാധികാരി ഔറംഗസേബ് ആലംഗീറിനെ അനുകൂലിച്ച് പരമാര്‍ശം നടത്തിയതിന് മഹാരാഷ്ട്ര സമാജ്വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അബു ആസ്മിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഔറംഗസേബ് ക്രൂരനായ നേതാവല്ല എന്ന് അബു ആസ്മി പറഞ്ഞിരുന്നു. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ആസ്മി ഇക്കാര്യം പറഞ്ഞത്. ‘ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ പണിതു. വാരണാസിയില്‍, ഒരു ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പുരോഹിതനില്‍ നിന്ന് ആ കുട്ടിയെ രക്ഷിച്ചു. ആ പുരോഹിതനെ ആനകളെക്കൊണ്ട് ചവിട്ടിക്കൊന്നു’ എന്ന് ആസ്മി പറഞ്ഞിരുന്നു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഔറംഗസേബിനോട് താരതമ്യപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സമീപകാല പ്രസ്താവനയ്ക്ക് മറുപടിയായി, ഔറംഗസേബിനെ ബി.ജെ.പി തെറ്റായി ചിത്രീകരിക്കുകയാണെന്ന് ആസ്മി പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന എം.പി നരേഷ് മാസ്‌കെ താനെയിലെ വാഗലെ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത (ബി.എന്‍എസ്) സെക്ഷന്‍ 299, 302, 356(1), 356(2) എന്നിവ പ്രകാരം ആസ്മിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
എങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ തന്നെ ഉറച്ച് നിന്ന്. ‘ഔറംഗസേബിനെ ഒരു ക്രൂരനായ ഭരണാധികാരിയായി ഞാന്‍ കരുതുന്നില്ല. ആ കാലഘട്ടത്തില്‍ അധികാര പോരാട്ടങ്ങള്‍ മതപരമായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. ഛത്രപതി ശിവാജിയുടെ സൈന്യത്തില്‍ നിരവധി മുസ്‌ലിംകള്‍ ഉണ്ടായിരുന്നതുപോലെ, ഔറംഗസേബിന്റെ സൈന്യത്തിലും നിരവധി ഹിന്ദുക്കള്‍ ഉണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യയുടെ അതിര്‍ത്തികള്‍ അഫ്ഗാനിസ്ഥാന്‍ വരെ വ്യാപിച്ചിട്ടുണ്ടെന്നും, മതപരമായ കാഴ്ചപ്പാടിലൂടെ ഔറംഗസേബിനെ അന്യായമായി അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ആസ്മിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ഷിന്‍ഡെ ശക്തമായി അപലപിച്ചു.
‘ഛത്രപതി സംബാജി മഹാരാജ് ഒരു ദേശസ്നേഹിയും യഥാര്‍ത്ഥ ദേശീയവാദിയുമായിരുന്നു എന്നതിനാല്‍ ആസ്മി ഇതിന് മാപ്പ് പറയണം. സംബാജി മഹാരാജിനെ 40 ദിവസത്തെ ക്രൂരമായ പീഡനത്തിനും വധശിക്ഷയ്ക്കും ഇരയാക്കിയത് ഔറംഗസേബാണ്. ഔറംഗസേബിന്റെ ഭരണത്തെ മഹത്വവല്‍ക്കരിക്കുന്നത് ഗുരുതരമായ കുറ്റമാണ്, ഇതിന് അബു ആസ്മി മാപ്പ് പറയണം. ഒരു ദേശസ്നേഹിക്കെതിരെ സംസാരിക്കുന്നതിലൂടെ അദ്ദേഹം സ്വയം ദേശവിരുദ്ധനായി നിലകൊള്ളുന്നു’ ഷിന്‍ഡെ പറഞ്ഞു.