മുംബൈ: നാലു ദിവസമായി തുടരുന്ന അതിശക്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മലാഡില്‍നിന്നുള്ള ദുരന്ത വാര്‍ത്തയും മുംബൈ വാസികളുടെ ചെവിയിലെത്തിയത്. ഉത്തരമുംബൈയിലെ മലാഡിലുള്ള പിംപ്രിപാദയില്‍ ചേരികള്‍ക്ക് മുകളില്‍ മതിലിടിഞ്ഞു വീണ് നിരവധി പേര്‍ അപകടത്തില്‍ പെട്ടെന്നായിരുന്നു ആദ്യ വാര്‍ത്ത. 12 പേര്‍ മരിച്ചതായി ആദ്യ സ്ഥിരീകരണം വന്നു. രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി പുറത്തെടുത്തതോടെ മരണ സംഖ്യ പിന്നെയും ഉയര്‍ന്നുകൊണ്ടിരുന്നു. അതില്‍ തന്നെ ഏറ്റവും വേദനയേറിയ മരണമായിരുന്നു സഞ്ചിത ഗനോര്‍ എന്ന പതിനഞ്ചു വയസ്സുകാരിയുടേത്.
ആറു മണിക്കൂര്‍ അവള്‍ വേദനകൊണ്ട് പുളഞ്ഞു. ജീവനു വേണ്ടി നിലവിളിച്ചു. കുടിനീരിനു വേണ്ടി യാചിച്ചു. ഒടുവില്‍ കോണ്‍ക്രീറ്റ് മതിലിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും ആ നിലവിളി തോരാതെ പെയ്യുന്ന മഴയില്‍ അലിഞ്ഞ് ഇല്ലാതായിരുന്നു.
പിംപ്രിപാദയിലെ ചേരിയിലുള്ള വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു സഞ്ചിതയും. ഇതുപോലൊരു ദുരന്തം അവള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയത്. ചേരികള്‍ക്കു മുകളിലേക്ക് കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍ നിലംപൊത്തിയതാണ് കണ്ടത്. രക്ഷാ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലായിരുന്നു പിന്നീട്. എത്രപേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടെന്ന് പോലും തിട്ടമില്ലാത്തതിനാലും അര്‍ധരാത്രിയായതിനാലും തോരാതെ പെയ്യുന്ന മഴയും കാരണം രക്ഷാ പ്രവര്‍ത്തനം പോലും ദുഷ്‌കരമായിരുന്നു. ഇതിനിടെയാണ് 15 വയസ്സുകാരി സഞ്ചിതയുടെ നിലവിളി ആളുകള്‍ കേട്ടത്. ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തുതന്നെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. സഞ്ചിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു കൈ കോണ്‍ക്രീറ്റ് തൂണുകള്‍ക്കുള്ളില്‍ കുരുങ്ങിയതിനാല്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ് അവള്‍ നിലവിളിച്ചു. വെള്ളത്തിനു വേണ്ടി യാചിച്ചു. ദുരന്ത നിവാരണ സേനാംഗങ്ങളും അഗ്നിശമന സേനയുമെല്ലാം ആവതു ശ്രമിച്ചു നോക്കി. പക്ഷേ കൈ അറുത്തു മാറ്റാതെ രക്ഷാ പ്രവര്‍ത്തനം സാധ്യമല്ലെന്നായി. അധികൃതര്‍ വിവരം അറിയിച്ചതിനുസരിച്ച് പ്രത്യേക മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. കൈ മുറിച്ചു മാറ്റാതെ തന്നെ സഞ്ചിതയെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി. കോണ്‍ക്രീറ്റ് തൂണുകള്‍ മുറിച്ചുമാറ്റി. അതുവരെ വെള്ളവും ഭക്ഷണവും മരുന്നും നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാരും ശ്രമിച്ചു. ഒടുവില്‍ ആറു മണിക്കൂര്‍ പണിപ്പെട്ടാണ് സഞ്ചിതയെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും ആ കുഞ്ഞു ശരീരത്തില്‍ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്നില്ല. ഞങ്ങള്‍ നിസ്സഹായരാണ്, അവളെ രക്ഷിക്കാനായില്ലെന്ന് പറയുമ്പോള്‍ മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാരുടെ കണ്ണിലും നനവു പടര്‍ന്നു. സഞ്ചിത ഗനോര്‍ ഉള്‍പ്പെടെ 20ലധികം പേരാണ് മലാഡ് അപകടത്തില്‍ മരിച്ചത്.