തിരൂര്‍: സ്വന്തം ഭൂമിയില്‍ പിതാവിന്റെ പേരില്‍ മുസ്‌ലിംലീഗ് ഓഫീസ് നിര്‍മിച്ച് തിരൂരിലെ ചുമട്ടു തൊഴിലാളി. ഓങ്ങല്ലൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് വൈസ്പ്രസിഡന്റ് ആബിദാണ് സ്വന്തം ഭൂമി ലീഗ് ഓഫീസിനായി വിട്ടു നല്‍കിയത്. പ്രവര്‍ത്തകരുടെ സഹകരണത്തോടെ നിര്‍മിച്ച ഓഫീസ് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സംഘടനാ പാര്‍ലമെന്ററി രംഗത്ത് അവസരം ലഭിച്ചവരേക്കാള്‍ ആബിദിനെ പോലുള്ള ഒന്നും ആഗ്രഹിക്കാതെ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന മനുഷ്യരാണ് മുസ്‌ലിംലീഗിന്റെ ശക്തിയും വെളിച്ചവുമെന്ന് മുനവറലി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുനവറലി തങ്ങളുടെ ഫെയ്‌സ്ബുക് പോസ്റ്റ് മുഴുവന്‍ വായിക്കാം:

തിരൂരിലെ ഒരു സാധാരണ ചുമട്ട് തൊഴിലാളിയാണ് ആബിദ്;അദ്ദേഹം സ്വന്തം സ്ഥലത്ത് പ്രവര്‍ത്തകരുടെ സഹകരണത്തോടെ നിര്‍മ്മിച്ച,പിതാവിന്റെ പേരിലുള്ള ലീഗ് ഓഫിസ്സ് ഉദ്ഘാടനം ചെയ്യുകയുണ്ടായി.
ഓങ്ങല്ലൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റായ ഈ ചെറുപ്പക്കാരന്‍ എത്ര ആഴത്തിലാണ് നിഷ്‌കളങ്കമായി മുസ്ലിം ലീഗ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നത് എന്നോര്‍ത്ത് പോവുന്നു.
ഒരു സാധാരണ തൊഴിലാളിയായ ഒരാള്‍,സ്വന്തം പ്രാരാബ്ധങ്ങളെ വകവെക്കാതെ താന്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ഭൂമി വിട്ടു നല്‍കി,സ്വപ്രയത്‌നത്താല്‍ ഒരു സൗധം നിര്‍മിച്ചു പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പണം ചെയ്തിരിക്കുന്നു.
ഒരുപാട് പാര്‍ട്ടി ഓഫീസുകള്‍ ജീവിതത്തില്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട് ;പക്ഷേ ഇത്ര സന്തോഷത്തോടെ, മനസ്സിനെ സ്പര്‍ശിച്ച ഒരു പാര്‍ട്ടി ഓഫിസ്സ് ഉദ്ഘാടനം ആദ്യമായാണ്.
സംഘടനാപാര്‍ലമെന്ററി രംഗത്ത് അവസരം ലഭിച്ചവരേക്കാള്‍ ആബിദിനെ പോലുള്ള ഒന്നും ആഗ്രഹിക്കാതെ ഈ പ്രസ്ഥാനത്തെ ഇത് പോലെ സ്‌നേഹിക്കുന്ന മനുഷ്യരാണ് മുസ്ലിം ലീഗിന്റെ ശക്തിയും വെളിച്ചവും.
തീര്‍ച്ചയായും ആബിദ്,നിങ്ങളൊരു മാതൃകയും പ്രതീകവുമാണ്.
ബിഗ് സല്യൂട്ട് ബ്രദര്‍ !!