Connect with us

Video Stories

യുവജനയാത്രയുടെ സന്ദേശവും താക്കീതും

Published

on

”ഓരോ സമൂഹവും ഒരു പൂന്തോട്ടത്തിന് സമാനമാണ്. അതിനെ നയന മനോഹരമാക്കുന്നത് അതിലെ പൂമൊട്ടുകളാകുന്ന യുവത്വമാണ്’. സമൂഹ നിര്‍മിതിയില്‍ യുവജനതയുടെ സമര്‍പ്പണം അടയാളപ്പെടുത്തുന്ന സൂചകമാണിത്. സപ്തഭാഷാ സംഗമ സ്ഥാനമായ കാസര്‍ക്കോട്ട് ജനലക്ഷങ്ങളെ സാക്ഷിയാക്കി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് സ്വീകരിച്ച ഹരിത പതാകയേന്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് തുടരുന്ന യുവജനയാത്ര ഒരു ജനതയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായുള്ള സാര്‍ത്ഥക സഞ്ചാരമാണ്. പുതിയ ഇന്ത്യയെയും കേരളത്തെയും പടുത്തുയര്‍ത്താനുള്ള പടപ്പുറപ്പാടിന്റെ കാഹളം. ഇന്നത്തെ യുവത നല്ല നാളെയുടെ ശക്തിയും പ്രത്യാശയുമാണെന്ന സാക്ഷ്യത്തിന്റെ നേര്‍ക്കാഴ്ചയാണ് യുവജനയാത്രയുടെ സൗന്ദര്യം. ഡിസംബര്‍ 24ന് അനന്തപുരിയില്‍ അവസാനിക്കുന്നതു വരെയുള്ള സഞ്ചാരപഥങ്ങള്‍ നീളെ വര്‍ഗീയമുക്ത ഭാരതത്തിനും അക്രമരഹിത കേരളത്തിനുമായുള്ള സന്ദേശങ്ങള്‍ ഊട്ടിയിറപ്പിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ ചുവടുവെക്കുകയാണ്.
ഇതൊരു സമരമാണ്; ജനാധിപത്യ രീതിയിലുള്ള ഇരുതല മൂര്‍ച്ചയുള്ള ആശയ പോരാട്ടം. അതുകൊണ്ടാണ്് സത്യവും ധര്‍മവും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന സര്‍വ സമുദായവും യുവജനയാത്രയോട് ഐക്യപ്പെട്ടത്. ഉദ്യാവരത്തെ മതസൗഹാര്‍ദ പ്രതീകമായ മഞ്ജുസ്നാര്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്തെത്തിയപ്പോള്‍ യുവജനയാത്രാ നായകരെ മുഖ്യപൂജാരി രാജവെളിച്ചപ്പാട് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചതു മുതല്‍ ഇന്നോളമുള്ള പ്രയാണത്തില്‍ ഇത്തരം കണ്‍കുളിര്‍മയേകുന്ന കാഴ്ചകള്‍ നിരവധിയാണ്. ചരിത്ര പ്രസിദ്ധമായ മാഹി സെന്റ് തെരേസാസ് ചര്‍ച്ചില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികള്‍ ഒന്നടങ്കമാണ് ജാഥയെ വരവേറ്റത്. അക്രമ രാഷ്ട്രീയ പരമ്പരകള്‍ക്ക് തകര്‍ക്കാനാവാത്ത പൂര്‍വ്വിക നന്മയുടെ നനവുള്ള കണ്ണൂരിന്റെ മണ്ണിലേക്ക് പ്രവേശിച്ച യാത്രയെ മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹമധുരം തൂവുന്ന പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തില്‍ ട്രസ്റ്റ് അംഗങ്ങള്‍ പൊന്നാടയണിയിച്ചു സ്വീകരിച്ചു. യാത്രക്കിടെ ജാഥാ നായകര്‍ മഗ്‌രിബ് നമസ്‌കരിച്ചത് കൊഴക്കോട്ടൂര്‍ പറമ്പില്‍ വാസുദേവന്‍ മാസ്റ്ററുടെ വീടിനകത്താണ്. മുഴുവന്‍ യാത്രാ അംഗങ്ങള്‍ക്കും നിസ്‌ക്കരിക്കാനുള്ള താല്‍ക്കാലിക ഹൗളും മറ്റു സൗകര്യങ്ങളും തന്റെ വീട്ടുപറമ്പിലൊരുക്കി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. യുവജനയാത്രയുടെ പ്രമേയത്തിന്റെ ആദ്യഭാഗമായ ‘വര്‍ഗീയമുക്ത ഭാരതം’ കെട്ടിപ്പടുക്കുന്നതിനുള്ള മനസ്സടുപ്പമാണ് ഇവിടെ പ്രകടമായത്. ഡല്‍ഹി ജുമാമസ്ജിദ് പൊളിക്കണമെന്നും പള്ളിയുടെ ഗോവണിക്കടിയില്‍ നിന്ന് വിഗ്രഹം കിട്ടിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലാമെന്നും വര്‍ഗീയ വിഷം ചീറ്റുന്ന സാക്ഷി മഹാരാജ്മാരുടെ വാക്കുകളെ ഗൗനിക്കാതെ സ്വന്തം വീടകം നമസ്‌കരിക്കാന്‍ വിട്ടുകൊടുത്ത മലപ്പുറത്തെ ഹൈന്ദവ മനസിന്റെ ഈ മഹിത മാതൃകയാണ് രാജ്യം ആഗ്രഹിക്കുന്നത്. ഒന്നിച്ചൊന്നായ് അണിനിരന്ന് വര്‍ഗീയതയെ തൂത്തെറിയണമെന്ന രാജ്യത്തിന്റെ അടങ്ങാത്ത ആഗ്രഹം ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. 2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാറിന്റെയും 2016ല്‍ സത്യപ്രതിജ്ഞ ചെയ്ത പിണറായി സര്‍ക്കാറിന്റെയും ജനദ്രോഹ ഭരണങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് യുവജനയാത്ര വിളംബരം ചെയ്തത്. പ്രത്യയശാസ്ത്രപരമായി വിരുദ്ധ ചേരികളില്‍ എന്ന് അവകാശപ്പെടുമ്പോഴും ഭരണ രീതികളിലും നയനിലപാടുകളിലും ജനാധിപത്യ രീതികള്‍ അട്ടിമറിക്കുന്നതിലും എതിര്‍ക്കുന്നവരെ നിശബ്ദരാക്കുന്നതിലും രണ്ടു ഫാസിസ്റ്റു ഭരണകൂടങ്ങളും അതിശയിപ്പിക്കുന്ന സമാനത പുലര്‍ത്തുന്നുവെന്ന് ഈ യാത്ര വിലയിരുത്തുന്നു. യുവജനയാത്രയിലൂടെ ഇക്കാര്യം പൊതുജനമധ്യേ തുറന്നുകാണിക്കാനാവുന്നു മുസ്്‌ലിം യൂത്ത്‌ലീഗിന്.
2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുന്നത് തങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങളുടെ മുന്നില്‍ വെച്ചുകൊണ്ടായിരിക്കുമെന്ന് മോദിയും അമിത്ഷായും വീമ്പു പറഞ്ഞിട്ടുണ്ട്. നാലര കൊല്ലത്തെ ഭരണം വിലയിരുത്തുമ്പോള്‍ എന്താണ് ആ പ്രോഗ്രസ് കാര്‍ഡിലുണ്ടാവുക? ഇന്ത്യന്‍ ഖജനാവിന്റെ സത്യസന്ധനായ കാവല്‍ക്കാരനായിരിക്കുമെന്നും അഴിമതിയുടെ പാടകെട്ടിയ ഭക്ഷണം സ്വയം കഴിക്കുകയില്ലെന്നും മറ്റുള്ളവരെ കഴിപ്പിക്കുകയില്ലെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ റഫാല്‍ ഇടപാടിലെ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. ഫ്രഞ്ച് സര്‍ക്കാറുമായുള്ള യുദ്ധ വിമാന ഇടപാടിലെ സുതാര്യത സ്ഫടികസമാനമാണെന്ന് ന്യായം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കക്കള്ളിയില്ലാതെ നാവടക്കി മൗനവ്രതത്തിലാണ്. റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ നിര്‍ബന്ധമായും പങ്കാളിയാക്കണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട് വെച്ചെന്ന് ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ പുറത്തുവിട്ടത് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും ഇത് സ്വീകരിക്കുകയല്ലാതെ മറ്റു വഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിനു മുന്നിലുണ്ടായിരുന്നില്ലെന്നുമായിരുന്നു ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് ഫ്രാന്‍സ്വ ഒലാന്ദെ വെളിപ്പെടുത്തിയത്. പൊതുഖജനാവിന് 40,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കാട്ടുകൊള്ളക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനിന്നത്. നോട്ടു നിരോധന പരിഷ്‌കാരവും കള്ളപ്പണ വേട്ടയും വലിയ പരാജയമെന്ന് ആദ്യം തിരിച്ചറിഞ്ഞത് മോദി തന്നെയാണ്. നേട്ടങ്ങളുടെ പട്ടികയില്‍ നോട്ടുനിരോധനം എടുത്തുപറയാത്തതും അതുകൊണ്ടാണ്. ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ തുറന്നു പറച്ചില്‍ മോദിയുടെ അവകാശവാദങ്ങളുടെ മുഖത്തേറ്റ അടിയായിരുന്നു.
വര്‍ഷംതോറും രണ്ടുകോടി ജനങ്ങള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യും എന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്നു മാത്രമല്ല, പക്കവട വിറ്റും യുവാക്കള്‍ക്ക് അന്തസോടെ ജീവിക്കാം, അങ്ങനെ തൊഴിലില്ലായ്മ മറികടക്കാം എന്ന പരിഹാസമാണ് മോദിയും അമിത്ഷായും തൊടുത്തുവിട്ടത്. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞി്ട്ടും പെട്രോള്‍, ഡീസല്‍, പാചക വാതകങ്ങള്‍ക്ക് ഇങ്ങനെ വിലകൂടിയ ഒരു കാലം വേറെയില്ല. വിലക്കയറ്റം അതിരൂക്ഷമായി ജനജീവിതത്തെ ബാധിച്ചുകഴിഞ്ഞു. ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള പരാജയം മറച്ചുവെക്കാന്‍ പരസ്യ കോലാഹലങ്ങള്‍ കൊണ്ട് കഴിയില്ലെന്നു വന്നു. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുപിടിക്കലും ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കലും ഒരു കൊട്ടാരം വിദൂഷകന്റെ നേരംപോക്കു വര്‍ത്തമാനം മാത്രമായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞു. മുസ്്‌ലിം യൂത്ത്‌ലീഗ് ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ കൂടുതല്‍ ആണയിട്ടു പറയുമ്പോള്‍ ഉത്ബുദ്ധ ജനത യുവജനയാത്ര ഏറ്റെടുക്കുകയാണ്.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാനാവാത്ത വിധം മുസ്‌ലിം യൂത്ത്‌ലീഗ് പ്രമേയവും യുവജന യാത്രയും നാടുണര്‍ത്തിക്കഴിഞ്ഞു. മനസിനെയും ശരീരത്തെയും രാഷ്ട്രീയ വെണ്‍മ പുതപ്പിച്ച് നാളെയുടെ നന്മയ്ക്കായി നട്ടെല്ലു നിവര്‍ത്തി, മുഷ്ടി .ചുരുട്ടി പതറാത്ത പാദവും ചിതറാത്ത ചിത്തവുമായി മുന്നേറുന്ന യുവജനയാത്രയെ കേരള ജനത ഹൃദയത്തിലേറ്റുവാങ്ങിക്കഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending