പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഒരു ഗ്രാമം. ബരുരാജ് നിയമസഭാ മണ്ഡലത്തിലെ ചുലായ് ബിഷുന്‍പുര്‍ ഗ്രാമവാസികളാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ ജനപ്രതിനിധികള്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണത്തിലാണ് പ്രദേശവാസികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്.

729 പേരാണ് ഗ്രാമത്തിലെ വോട്ടര്‍മാര്‍. ഉച്ചവരെ ഒരു വോട്ടും പോള്‍ ചെയ്തിട്ടില്ലെന്ന് തെര. കമ്മിഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നിയമസഭയിലെ 178-ാം ബൂത്താണിത്.

243 മണ്ഡലങ്ങളിലെ 94 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 1463 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. 17 ജില്ലകളിലായി 41362 പോളിങ് ബൂത്തുകളാണ് 2.85 കോടി വോട്ടര്‍മാര്‍ക്കായി ഒരുക്കിയിട്ടുള്ളത്.