തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം. നേതാവ് എം.വി. ഗോവിന്ദന്‍. വിഷയത്തില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉത്കണ്ഠയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നൊക്കെയാണ് ചിലരുടെ ആവശ്യം. അങ്ങനെയാണെങ്കില്‍ ധാര്‍മിക ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉണ്ടല്ലോ. ഐ.എ.എസ്., ഐ.പി.എസ്. ഒക്കെ കേന്ദ്ര കേഡറുകളാണ്.

മുഖ്യമന്ത്രിയുടെ രാജി അജണ്ടയല്ല, എന്നാല്‍ ആ അജണ്ട നടപ്പാക്കാനാണ് കഴിഞ്ഞ 120 ദിവസമായി പ്രതിപക്ഷം ശ്രമിക്കുന്നത്. അവര്‍ ഉന്നയിച്ച പല ആരോപണങ്ങള്‍ക്കും ഇതുവരെ അടിസ്ഥാനമുണ്ടായിട്ടില്ല. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്.

അന്വേഷണം നടക്കട്ടെ, അറസ്റ്റ് നടക്കട്ടെ, അവസാന വിധി പുറത്തുവരട്ടെ, കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെ. ഒരു പ്രതിയേയും സംരക്ഷിക്കേണ്ട കാര്യം സി.പി.എമ്മിനില്ല. പിണറായി വിജയന് ഈ കേസുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഉത്കണ്ഠയില്ല. ഉപ്പുതിന്നവന്‍ ആരാണോ അയാള്‍ വെള്ളം കുടിക്കട്ടേ. വെള്ളം കുടിക്കുന്നതില്‍ സി.പി.എമ്മിനോ സര്‍ക്കാരിനോ ആക്ഷേപമില്ലെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.