അമേരിക്കയ്‌ക്കെതിരെ ആണവായുധഭീഷണി മുഴക്കിയ ഉത്തരകൊറിയയ്ക്ക് അതേനാണയത്തില്‍ മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ കയ്യിലും ആണവായുധ ബട്ടണ്‍ ഉണ്ടെന്നും അത് ഉത്തര കൊറിയയുടേതിനാക്കാള്‍ വലതും കൂടുതല്‍ ശക്തവുമാണെന്നുമാണ് ട്രംപിന്റെ മറുപടി. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം

‘ആണവായുധ ബട്ടണ്‍ എപ്പോഴും തന്റെ മേശയ്ക്കകത്താണെന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞത്. എന്റെ കയ്യിലും ആണവായുധ ബട്ടണ്‍ ഉണ്ട്. എന്നാല്‍ അത് അയാളുടെ കയ്യിലുള്ളതിനേക്കാള്‍ വലുതും ശക്തവുമാണെന്നും അദ്ദേഹത്തിന്റെ ക്ഷയിച്ചതും പട്ടിണിയുമുള്ള രാജ്യത്തിലെ ആരെങ്കിലും ഒന്ന് അദ്ദേത്തിന് പറഞ്ഞു കൊടുക്കൂ. മാത്രവുമല്ല, എന്റെ കയ്യിലുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കുന്നതാണെന്നും.’ ട്രംപ് ട്വീറ്റ് ചെയ്തു.

പുതുവര്‍ഷ ആശംസാ പ്രസംഗത്തിനിടെയാണ് തങ്ങളുടെ ആണവശേഷി ഉയര്‍ത്തിക്കാട്ടി കിം ജോങ് ഉന്‍ അമേരിക്കയ്ക്കെതിരെ ഭീഷണി മുഴക്കിയത്. ‘എന്റെ മേശപ്പുറത്ത് ആണവായുധങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ന്യൂക്ലിയര്‍ ബട്ടണുണ്ടെന്ന് അമേരിക്ക മനസിലാക്കുക. അമേരിക്കയുടെ എല്ലാ ഭാഗവും ഞങ്ങളുടെ ആണവായുധങ്ങളുടെ ദൂരപരിധിയിലാണ്. എനിക്കെതിരേയോ എന്റെ രാജ്യത്തിനെതിരേയോ അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല” എന്നായിരുന്നു കിം പറഞ്ഞത്.