തലശ്ശേരി: യുവജന യാത്ര പ്രചാരണത്തിനിടെ മരത്തില്‍ നിന്ന് വീണു മരിച്ച എം.എസ്.എഫ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് ആസിഫ് മട്ടാമ്പുറത്തിന്റെ വസതി യുവജന യാത്രാ നായകര്‍ സന്ദര്‍ശിച്ചു. ആസിഫിന്റെ ഖബറിടത്തിലെത്തി യാത്രാ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ഉപ നായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദര്‍ശിച്ചത്.
കേറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാത്ത കുടുംബത്തിന്റെ ദയനീയ സ്ഥിതി കണ്ട് നേതാക്കളുടെ കണ്ണു നിറഞ്ഞു. ജ്യേഷ്ഠന്‍ ആലിംഗനം ചെയ്ത് സ്വീകരിച്ച നേതാക്കള്‍ അകത്തു കയറി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ജീര്‍ണ്ണാവസ്ഥയിലുള്ള പഴയ കെട്ടിടത്തിന്റെ അകത്തു കയറി പ്രത്യേക പ്രാര്‍ത്ഥന നടത്തിയ മുനവ്വറലി തങ്ങള്‍ കുടുംബത്തോടൊപ്പം എന്നുമുണ്ടാകുമെന്ന് ഉമ്മക്ക് ഉറപ്പു നല്‍കി.