കണ്ണൂര്‍: ഇതൊരു സമരമാണ്; ജനാധിപത്യ രീതിയിലുള്ള ഇരുതല മൂര്‍ച്ചയുള്ള ആശയ പോരാട്ടം. യുവജന യാത്രയെ വരവേല്‍ക്കാന്‍ വഴിയോരങ്ങളില്‍ കാത്തു നില്‍ക്കുന്നവര്‍ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് നേരെ കൈവീശി സ്നേഹം ചൊരിയുമ്പോള്‍ വര്‍ത്തമാന കേരളത്തിന്റെ സമരനായകന്‍ പി.കെ ഫിറോസിന് മുഷ്ടി ചുരുട്ടി പിന്തുണയറിയിക്കുന്നതും ഇരട്ട ദൗത്യത്തിനുള്ള ഡബിള്‍ സല്യൂട്ട് ആവുമ്പോള്‍ യാത്ര നായകരുടെ പ്രത്യഭിവാദ്യ രീതിയും ഇതേ രീതിയില്‍ വ്യത്യസ്തമാണ്.

ചെറു മന്ദസ്മിതത്തോടെ തങ്ങള്‍ കൈവീശി നടന്നു നീങ്ങുമ്പോള്‍ തൊട്ടടുത്തുള്ള ഫിറോസ് മുഷ്ടി ചുരുട്ടി കാഴ്ചക്കാരെ സമരോത്സുകരാക്കിയാണ് മുന്നേറുന്നത്. ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം പകര്‍ന്നാണ് യാത്ര പ്രയാണം തുടരുന്നത്.
വര്‍ഗീയതയിലൂടെയും അക്രമ രാഷ്ട്രീയത്തിലുടെയും അധികാരമുറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ താക്കീതായി മാറിയ യാത്രക്ക് പിന്നിട്ട വഴികളില്‍ ശക്തമായ സമരാഗ്നി പടര്‍ത്താനായിട്ടുണ്ട്. യാത്ര എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ വഴിയോരങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സ്ഥാനം പിടിക്കുന്ന കാഴ്ചയാണ് കാണുന്നത്.
സ്വീകരണ സമ്മേളനങ്ങളിലെ ജാഥാ നായകരുടെ പ്രഭാഷണങ്ങളും ഈ രീതിയില്‍ വ്യത്യസ്തവും ആകര്‍ഷകവുമാണ്. പ്രമേയത്തിന്റെ ഗൗരവം മുനവ്വറലി തങ്ങള്‍ സദസിനെ ബോധ്യപ്പെടുത്തുമ്പോള്‍ ജനവിരുദ്ധ സര്‍ക്കാറുകളെ തുറന്നു കാട്ടുന്നതാണ് ഫിറോസിന്റെ പ്രസംഗം.