വാഷിങ്ടണ്‍: അമേരിക്കന്‍ നാവിക സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതിനെക്കുറിച്ച് യു.എസ് അധികാരികള്‍ അന്വേഷണം തുടങ്ങി. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നൂറോളം നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് യു.എസ് പ്രതിരോധ വിഭാഗം അന്വേഷണം നടത്തുന്നത്. ജനുവരി മുപ്പത് മുതലാണ് 24 വനിതാ സൈനികരുടെ നഗ്നഫോട്ടോകളും അവരുടെ റാങ്കും പേരും ഫെയ്‌സ്ബുക്ക് വഴി പ്രചരിച്ചു തുടങ്ങിയത്. 30,000 ആളുകള്‍ പിന്തുടരുന്ന മറൈന്‍ യുനൈറ്റഡ് എന്ന ഫെയ്‌സ്ബുക്ക് പേജിലേക്കാണ് ഫോട്ടോകളെത്തിയത്. യു.എസ് പ്രതിരോധ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം ഫോട്ടോകള്‍ പ്രചരിച്ച ചില അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്കും ഗൂഗിളും നീക്കം ചെയ്തിട്ടുണ്ട്.