കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പോര് ശക്തമാവുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ അമിത്ഷാ ഒരു കര്‍ഷകന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചായിരുന്നു മടങ്ങിയത്. നിലത്തിരുന്നുകൊണ്ട് ഇലയില്‍ ചോറുണ്ണുന്ന അമിത്ഷായുടെ ചിത്രം ഇതിനകം സോഷ്യല്‍മീഡിയില്‍ ഒരേസമയം പ്രശംസയും വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു.

അതിനിടെ 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ച ഒരു ട്വീറ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തലപൊക്കിയത്. ‘കോണ്‍ഗ്രസ് നേതാക്കള്‍ ദാരിദ്ര്യ ടൂറിസത്തിലാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ക്യാമറയും തൂക്കി അവര്‍ ഗ്രാമങ്ങളിലേക്ക് പോകുന്നു. പാവങ്ങള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ഇതിന്റെ ചിത്രം എടുക്കുന്നു.’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. അമിത്ഷായുടെ ചിത്രത്തിനൊപ്പമാണ് മോദിയുടെ ട്വീറ്റും ചേര്‍ത്തുകൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. അമിത്ഷായെ ട്രോളുന്ന മോദി എന്ന തരത്തിലാണ് പ്രചരണം.

അമിത് ഷായുടെ ഈ പ്രവര്‍ത്തിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രൂക്ഷമായി രംഗത്തെത്തി. കര്‍ഷകര്‍ ന്യൂഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ അമിത്ഷാ കര്‍ഷകരുടെ വീട്ടിലെത്തി ഷോ കാണിക്കുകയാണെന്ന് ടിഎംസി വിമര്‍ശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ടിഎംസി നേതാക്കളുടെ ബിജെപിയിലേക്കുള്ള പോക്കാണ് ബംഗാളില്‍ തുറന്ന പോരിലേക്ക് വഴിവെച്ചത്. സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുക്കാന്‍ ഒരുങ്ങുകയാണ്.