ഭോപ്പാല്‍: വാഹനത്തിന് പണമില്ലാത്തതിനാല്‍ മകളുടെ മൃതദേഹം കട്ടിലില്‍ കിടത്തി പിതാവ് ചുമന്നത് 35 കിലോമീറ്റര്‍. പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിക്കാനായിരുന്നു അച്ഛന്റെ ഈ ത്യാഗം. മധ്യപ്രദേശിലെ സിന്‍ഗ്രൗലി ഗ്രാമത്തിലാണ് മന:സാക്ഷിയെ പിടിച്ചുലച്ച സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മേയ് അഞ്ചിനാണ് ധീരപതി സിങ് ഗോണ്ടിന്റെ 16 കാരിയായ മകള്‍ ആത്മഹത്യ ചെയ്തത്. ഗദായ് ഗ്രാമത്തിലെ ഇവരുടെ വീട്ടിലെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ 35 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. പണമില്ലാത്തതിനാല്‍ കുടുംബത്തിന് വാഹനം ഏര്‍പ്പാടാക്കാന്‍ സാധിച്ചില്ല.
ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതോടെ മൃതദേഹം കട്ടിലില്‍ കെട്ടി ചുമന്നുകൊണ്ടു പോവാന്‍ നിര്‍ബന്ധിതരായി. കുറച്ച് ഗ്രാമീണരും മൃതദേഹത്തെ അനുഗമിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച നടത്തം വൈകീട്ട് നാലു മണിക്കാണ് അവസാനിച്ചത്. തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വരെ റോഡ് ഉണ്ടെങ്കിലും അധികൃതര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയില്ലെന്ന് ധീരപതി സിങ് ഗോണ്ട് ആരോപിച്ചു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ക്ക് ഫണ്ട് ലഭ്യമല്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.