കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിനെ തുടര്‍ന്ന് പകുതിയിലേറെ ഇന്ത്യക്കാര്‍ (52 ശതമാനം) പരിസ്ഥിതി അവബോധമുള്ളവരായി മാറിയെന്ന് ഇതു സംബന്ധിച്ച് ഗോദ്‌റെജ് ഗ്രൂപ്പ് നടത്തിയ പഠനം.

മഹാമാരിയും അതേ തുടര്‍ന്നെത്തിയ ലോക്ഡൗണും മൂലം ചെടികള്‍ നടുന്നതിലും സാധനങ്ങള്‍ വാങ്ങുന്നതിലും ഊര്‍ജ്ജം സംരക്ഷിക്കുന്നതിനുമെല്ലാം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന രീതിയാണ് ഇവരില്‍ ഉടലെടുത്തത്. ജനങ്ങള്‍ ചെയ്ത ചെറിയ കാര്യങ്ങളെ കുറിച്ചുള്ള പഠനമാണ് ഗോദ്‌റെജ് ഗ്രൂപ്പ് നടത്തിയത്. ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള പത്തു മാസങ്ങളിലെ അനുഭവങ്ങള്‍ ജനങ്ങളെ കൂടുതല്‍ സഹന ശേഷിയുള്ളവരുമാക്കി മാറ്റി. 44 ശതമാനം പേര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സഹായങ്ങള്‍ ആവശ്യമുള്ളവരെ പിന്തുണക്കാനായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. 22.87 ശതമാനം ഇന്ത്യക്കാര്‍ ഇപ്പോള്‍ പാചകവും പെയിന്റിങും അടക്കമുള്ള ഹോബികള്‍ കൂടുതലായി ഇഷ്ടപ്പെടുകയും സ്വയം സന്തോഷവാന്‍മാരായി മാറുകയും ചെയ്യുന്നുണ്ട്.

ലോക്ഡൗണ്‍ കാലത്ത് വായനയിലും സംഗീതം ആസ്വദിക്കുന്നതിലും ആനന്ദം കണ്ടെത്തിയവര്‍ 23.19 ശതമാനം പേരാണ്. 2020 ഫെബ്രുവരിയിലും മാര്‍ച്ചിലും കേക്ക് ഉണ്ടാക്കുന്നതിനെ കുറിച്ചു സെര്‍ച്ച് ചെയ്തവരുടെ എണ്ണം 238.46 ശതമാനത്തോളം വര്‍ധിച്ചു. നിര്‍ബന്ധമായ അടച്ചിടല്‍ കുടുംബ ബന്ധങ്ങളുടെ കാര്യത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. 36 ശതമാനത്തോളെ പേര്‍ കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിച്ചു. യാത്രകള്‍ ഒഴിവായതാണ് ഇതിനു വഴിയൊരുക്കിയത്. മറ്റു ബുദ്ധിമുട്ടുകളും തടസങ്ങളും ഇല്ലാത്തതിനാല്‍ തങ്ങളുടെ ജോലികള്‍ കൂടുതല്‍ ഫലപ്രദമായും സമയത്തും തീര്‍ക്കാനായി എന്നാണ് ഈ പഠനത്തോടു പ്രതികരിച്ചവരില്‍ 19 ശതമാനം ചൂണ്ടിക്കാട്ടിയത്.ലോക്ഡൗണ്‍ കാലത്ത് നിരവധി പേര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ സന്തോഷം നല്‍കുന്ന ഒരു ഉപാധിയായി മാറിയെന്നും പഠനം വ്യക്തമാക്കുന്നു.