യഥാർഥ്യമാവുക ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രം

കോഴിക്കോട്: നാഷണൽ കാഡറ്റ് കോറിന്റെ 9 കേരള നേവൽ യൂണിറ്റിന്റെ പുതിയ ബോട്ട് ഹൗസിന്റെ ശിലാസ്ഥാപനവും അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും നടന്നു. 6.25 കോടി രൂപയാണ് ബോട്ട് ഹൗസ് നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. 1.50 കോടി രൂപ ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിർമ്മാണം, ഫെൻസിങ് എന്നിവ പൂർത്തീകരിച്ചത്.

പുതിയ ബോട്ട് ഹൗസ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ മലബാർ മേഖലയിലെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 1700 നേവൽ കേഡറ്റുകളെ സൗജന്യമായി ഓരോ വർഷവും ഇവിടെ പരിശീലിപ്പിക്കാൻ കഴിയും.
ഇന്ത്യൻ നേവിയുടെ പ്രാഥമിക പരിശീലനം, നീന്തൽ, കയാക്കിംഗ്, ബോട്ട് പുള്ളിംഗ്, സെയിലിംഗ് എക്സ്പെഡിഷൻ, തുഴയൽ പരിശീലനം, സർഫിംഗ്, സ്‌കൂബാ ഡൈവിംഗ്, യാച്ചിങ്ങ്, കാനോയിംഗ് തുടങ്ങിയ ജലത്തിലെ സാഹസിക പരിശീലനവും ബോട്ട് ഹൗസിൽ വെച്ച് കേഡറ്റുകൾക്ക് നൽകും. പരിശീലന കേന്ദ്രത്തിൽ ദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് ഒരുക്കുന്നത്.

ഉദ്ഘാടനം വീഡിയോ കോൺഫ്രൻസ് വഴി ഉന്നതവിദ്യാഭ്യസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. വെങ്ങാലി ബോട്ട് ജെട്ടിയിൽ നടന്ന ചടങ്ങിൽ എം.കെ രാഘവൻ എം.പി, കോർപറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ലാ കലക്ടർ എസ്. സാംബശിവ റാവു തുടങ്ങിയവർ സംബന്ധിച്ചു.

ബോട്ട് ഹൗസ് കെട്ടിടം ഉയരുന്നത് മൂന്ന് നിലകളിലായി

മൂന്ന് നിലകളിലായി 1134 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് നാഷണൽ കാഡറ്റ് കോറിന്റെ 9 കേരള നേവൽ യൂണിറ്റിന്റെ ബോട്ട് ഹൗസ് കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ച്ചറൽ വിഭാഗമാണ് കെട്ടിടത്തിന്റെ രൂപകല്പ്പന നടത്തിയത്.
കെട്ടിടത്തിന്റെ 436 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള താഴത്തെ നിലയിൽ റാമ്പ് ഉൾപ്പെടെ ബോട്ട് പാർക്കിങ്ങും പെൺകുട്ടികൾക്കായി ഡോർമറ്ററിയും, കിച്ചണും, ശുചിമുറികളും കാർ പാർക്കിങ്ങ് സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. 262 ചതുരശ മീറ്റർ വിസ്തൃതിയുള്ള ഒന്നാമത്തെ നിലയിൽ ഇലക്ട്രിക്ക് ചെയിൻ ഹോയിസ്റ്റ്പുള്ളി സൗകര്യത്തോടുകൂടിയ ബോട്ട് ലിഫ്റ്റിംഗ് സൗകര്യവും, ആൺകുട്ടികൾക്കായുള്ള ഡോർമിറ്ററിയും, ശുചിമുറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
രണ്ടാമത്തെ നിലയിൽ 436 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഷിപ്പ് മോഡലിംഗ് വർക്ക്‌ഷോപ്പ്, മോഡലിംഗ് സ്റ്റോർ, ക്യാമ്പ് കമാന്റിംഗ് റെസ്റ്റ് റൂം, ക്യാമ്പ് ഓഫീസ്, ഡെമോൺസ്ട്രഷൻ ഹാൾ, ഡെപ്യൂട്ടി കമാൻഡന്റ് ഓഫീസ്, ചീഫ് ഇൻസ്ട്രക്ടർ ഓഫീസ്, പെർമനന്റ് ഇൻസ്ട്രക്ഷൻ സ്റ്റാഫ്റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്ത് റൂം സൗകര്യം, ഗോവണി സൗകര്യം എന്നിവയാണ് ഉണ്ടാവുക.