കൊച്ചി: എറണാകുളം ജില്ലയില്‍ സിപിഎമ്മുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് എന്‍സിപി ജില്ലാ നേതൃത്വം. എല്‍ഡിഎഫിനോടും സിപിഎമ്മിനോടും സഹകരിക്കേണ്ടതില്ലെന്ന തീരുമാനമാണ് എന്‍സിപി എടുത്തിരിക്കുന്നതെന്ന് എന്‍സിപി ജില്ലാ അധ്യക്ഷന്‍ ടിപി അബ്ദുള്‍ അസീസ് പറഞ്ഞതായി ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും സിപിഎം കാണിച്ചത് തികഞ്ഞ അവഗണനയാണ്. എന്‍സിപിയെ ജില്ലയില്‍ തകര്‍ക്കാനാണ് സിപിഎം ശ്രമിച്ചതെന്നും ടിപി അബ്ദുള്‍ അസീസ് പറഞ്ഞു.

മുന്നണി മര്യാദക്ക് യോജിക്കാത്ത നീക്കമാണ് ഉണ്ടായിരിക്കുന്നത്. സിറ്റിംഗ് സീറ്റുകള്‍ പോലും വിട്ടുതരാന്‍ സിപിഐഎം തയാറാകുന്നില്ല. തരാമെന്ന് പറഞ്ഞ സീറ്റുകള്‍ പോലും തെരഞ്ഞെടുപ്പില്‍ നല്‍കിയില്ല. വിഷയത്തില്‍ ഇടപെടണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും ഇതുവരെ പ്രതികരണമുണ്ടായില്ലെന്നും ടിപി അബ്ദുള്‍ അസീസ് പറഞ്ഞു.