തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് ഇടയാക്കിയ സാഹചര്യം പാര്‍ട്ടിയുടെ ഗുരുതര വീഴ്ചയെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. കേരളത്തിന്റെ മുഖത്ത് പുരണ്ട കരിയാണ് ഇവിടെ നിന്ന് ബി.ജെ.പി അംഗം ജയിച്ചതെന്ന് കുറ്റപ്പെടുത്തുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലയില്‍ ബി.ജെ.പിയുടെ മുന്നേറ്റം ഗൗരവമായി കാണണമെന്നും പറയുന്നു. നേമത്ത് യു.ഡി.എഫ് വോട്ടുകള്‍ ബി.ജെ.പിക്ക് പോയതുകൊണ്ടാണ് ഒ. രാജഗോപാല്‍ ജയിക്കാന്‍ ഇടയായതെന്ന മുന്‍ നിലപാടില്‍ നിന്ന് സി.പി.എം പിന്നോട്ടു പോകുന്നതാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം വ്യക്തമാക്കുന്നത്. യു.ഡി.എഫ് വോട്ടുകൊണ്ടല്ല നേമത്ത് ബി.ജെ.പി ജയിച്ചത്.

മണ്ഡലത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയില്ലെങ്കില്‍ എന്നെന്നേക്കുമായി ബി.ജെ.പി നേമത്തെ കൈപ്പിടിയിലൊതുക്കും. സംഘടനാ ദൗര്‍ബല്യവും പ്രവര്‍ത്തന രാഹിത്യവും തോല്‍വിക്ക് കാരണമായി. രാജഗോപാലിനെ നിയമസഭക്ക് സംഭാവന ചെയ്തത് യു.ഡി.എഫ് ആണെന്ന് സഭയ്ക്കുള്ളിലും പുറത്തും ആക്ഷേപമുന്നയിച്ച നേതാക്കളെ ഖണ്ഡിച്ചുകൊണ്ടാണ് ജില്ലാ സമ്മേളന റിപ്പോര്‍ട്ട് നേമത്തെ തോല്‍വിയെ വിശകലനം ചെയ്യുന്നത്. നേമത്തെ പാര്‍ട്ടി കോട്ടകള്‍ ബി.ജെ.പി പിടിച്ചടക്കിയതാണ് തോല്‍വിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തലസ്ഥാനത്തെ ബി.ജെ.പിയുടെ അതിശയകരമായ വളര്‍ച്ചക്ക് കാരണം സി.പി.എമ്മിന്റെ സംഘടനാ ദൗര്‍ബല്യമാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യം ഗൗരവമുള്ളതാണ്. ബി.ജെ.പിയുടെ മുന്നേറ്റം ഗൗരവമായി കാണണം. ഹിന്ദുത്വ രാഷട്രീയത്തില്‍ സി.പി.എം സ്വാധീനമേഖലയില്‍ പോലും വോട്ടു നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. വര്‍ഗ ബഹുജന സംഘടനകളിലും ഈ പ്രവണതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാരിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുന്ന സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. സി.പി.ഐ അണികളില്ലാത്ത പാര്‍ട്ടിയാണ്. മാധ്യമങ്ങളുടെ സഹായത്തോടെ വിവാദമുണ്ടാക്കി അവര്‍ ഊര്‍ജം കണ്ടെത്തുകയാണ്.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും തെറ്റായി ചിത്രീകരിക്കാന്‍ ലത്തിന്‍ അതിരൂപത ശ്രമിച്ചു. പാര്‍ട്ടിയെ ഇകഴ്ത്തുന്ന രീതിയില്‍ ലത്തിന്‍ സഭയിലെ വികാരിമാര്‍ ഇടപെട്ടതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പന്‍ തുടരാനാണ് സാധ്യത. സമ്മേളനം നാളെ സമാപിക്കും.