കോടിയേരി എന്നത് സ്ഥലപ്പേരാണെന്നും കോടികളുമായി ബന്ധപ്പെട്ട് വീട്ടു പേരായതല്ലെന്നും നാട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണിന്ന് സി.പി.എം. ശത്രുക്കള്‍ മക്കളായി പിറക്കുമെന്ന് ഒരു ചൊല്ലുണ്ടല്ലോ. അറേബ്യന്‍ മണ്ണില്‍ എണ്ണ ശേഖരം കണ്ടെത്തുന്നതിന്മുമ്പ് കോഴിക്കോട്ടെ തെരുവുകളില്‍ ചില്ലറ കച്ചവടവുമായി അറബികളെ കണ്ടിരുന്നതായി അക്കാലത്തെ സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ദുബൈ പൗരനായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ത്യയില്‍ അലയുകയാണ്. 13 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ ബിനോയ് കോടിയേരിയെ പിടികൂടാന്‍ അദ്ദേഹത്തിന്റെ പിതാവിന്റെയും പിതാവ് ഉള്‍പ്പെട്ട പാര്‍ട്ടിയുടെയും പിന്തുണ തേടിയാണ് വരവ്. അപ്പോള്‍ വത്സല പിതാവ് സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നു, അറബി എന്തിനാണ് ഇവിടെ കറങ്ങുന്നത്? ഇന്ത്യയിലുള്ള ബിനോയിയെ കണ്ടെത്തി ഹാജരാക്കാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടുമെന്നൊക്കെയല്ലേ പറയുന്നത്, ബിനോയ് ഇപ്പോള്‍ ദുബായിലാണല്ലോ. അതൊക്കെ അവിടെ തീര്‍ത്താല്‍ പോരേയെന്ന്.

അച്ഛന്‍ കോടിയേരി സ്വയം വ്യക്തമാക്കിയിട്ടുണ്ട്- അമ്മ പശുവിനെ കറന്ന് പാല്‍ നടന്നുകൊണ്ടുപോയി വിറ്റിട്ടാണ് കുടുംബം പുലര്‍ത്തിയതെന്ന്. അക്കാലത്തെ ഒരു കമ്യൂണിസ്റ്റുകാരന് അതൊരു മഹത്വമായി പറയാമായിരുന്നു. ഒരു മാതിരി ബൂര്‍ഷ്വാ പാര്‍ട്ടി നേതാക്കളെ പോലെ മക്കളും ആ രീതിയില്‍ വളരണമെന്ന് ശഠിച്ചിട്ടില്ലെന്നിടത്തുനിന്ന് വേണം പിതാവിന്റെ മഹത്വം കുറിക്കാന്‍. രണ്ടു ആണ്‍ മക്കളാണ് കോടിയേരിക്ക്. കേരളീയര്‍ വ്യാപരിക്കുന്ന ഏതാണ്ടെല്ലാ മേഖലയിലും വ്യാപരിക്കുന്ന ഇവര്‍ ദുബായിലും വ്യവസായവും വാണിജ്യവുമൊക്കെ നടത്തുന്നു. ഏറ്റവും മികച്ച കാറുകളില്‍ സഞ്ചരിക്കുന്നു. വന്‍കിട കമ്പനിയുടെ വൈസ് പ്രസിഡന്റായാല്‍ അതിന് തക്ക കാറുകളില്‍ തന്നെ യാത്ര ചെയ്യേണ്ടിവരും. കമ്യൂണിസ്റ്റുകാര്‍ ഇന്നും കട്ടന്‍ ചായയും പരിപ്പുവടയും തിന്ന് കഴിയണമെന്ന് മറ്റുള്ളവര്‍ക്ക് വാശി പിടിക്കാം. നടക്കണമെന്നില്ല. പിന്നെയൊരു ചോദ്യം-പാലു വിറ്റു വളര്‍ത്തിയ ബാലകൃഷ്ണന്റെ മക്കള്‍ക്ക് വന്‍കിട കമ്പനികളില്‍ മുടക്കാന്‍ മുതല്‍ എവിടന്ന് കിട്ടി?
അത് മാധ്യമങ്ങളുടെ വര്‍ഗ സ്വഭാവമാണെന്ന് ഇ.എം.എസ് പഠിപ്പിച്ചിട്ടുണ്ട്. അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ കരിവാരി തേക്കാന്‍ നിരന്തരം ശ്രമിക്കും. ഇ.എം.എസിനെ തന്നെ ആക്രമിച്ചു. പിണറായിയെ ഭയങ്കരമായി ആക്രമിച്ചു. ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ കോടിയേരിയും ഈ വര്‍ഗ സ്വഭാവത്തിന്റെ ഇരയായിത്തീര്‍ന്നിരിക്കുന്നുവെന്നല്ലാതെ എന്തു പറയാന്‍. പിന്നെയും ചില ചോദ്യങ്ങള്‍? ബിനോയ് കോടിയേരിക്ക് ദുബായില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ? അതുമായി ബന്ധപ്പെട്ട പരാതിയുണ്ടോ? ഉണ്ടായിരുന്നോ? അത് ഒത്തുതീര്‍ന്നോ അതോ ഒത്തുതീരേണ്ടതായിട്ടാണോ?

ഇടപാടുണ്ടായിരുന്നെന്നും കേസുണ്ടായിരുന്നെന്നും അതൊക്കെ തീര്‍ന്നെന്നും ഇപ്പോള്‍ പരിശുദ്ധനാണെന്നും ആണ് ഉത്തരമെങ്കില്‍ മാധ്യമങ്ങളുടെ മേക്കിട്ട് കയറുന്നത് ഇത്തിരി കുറയ്ക്കാം. ബിനോയിക്കെതിരെ കേസില്ലെന്നും പുള്ളി അഗ്മാര്‍ക്ക് പരിശുദ്ധനാണെന്നും ദുബായി പൊലീസ് തന്നെ സത്യവാങ്മൂലം നല്‍കിയിട്ടും അറബി കേരളത്തിലേക്ക് വരികയാണത്രെ. ഫെബ്രു. അഞ്ചിന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ അല്‍ മര്‍സൂഖി വാര്‍ത്താസമ്മേളനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നു. ഇമ്മാതിരി കേസു കെട്ടുകള്‍ തീര്‍ക്കുന്നതില്‍ നിപുണനായ കെ.ഗണേഷ്‌കുമാറിനെ രംഗത്തിറക്കിയിരിക്കുന്നു. കേസ് തീര്‍ത്തുതന്നാല്‍ മന്ത്രിപദവി എന്ന വാഗ്ദാനമുണ്ടായിരുന്നെന്ന് ഇനി മാധ്യമങ്ങള്‍ ആരോപിക്കും. പണം കിട്ടണം എന്നതു തന്നെയാവണം അറബിയുടെയും ആവശ്യം. അല്ലായിരുന്നെങ്കില്‍ അറബി സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോക്ക് പരാതി നല്‍കുകയില്ലല്ലോ. ഇവിടത്തെ പാര്‍ട്ടിയെ കുറിച്ച് നന്നായറിയാവുന്ന ആരൊക്കെയോ അറബിയെ ഉപദേശിക്കുന്നുണ്ട്. കേരളത്തിലെ പാര്‍ട്ടിക്കാരെക്കൊണ്ട് വേദന പൂണ്ടിരിക്കുന്ന അഖിലേന്ത്യാ സെക്രട്ടറി യെച്ചൂരിയുടെ കൈയില്‍ തന്നെ പരാതി കൊടുക്കുമോ?

യെച്ചൂരിക്ക് കിട്ടിയ പരാതിയിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നെങ്കിലും പാര്‍ട്ടിക്കൂറുള്ള യെച്ചൂരി പരാതിക്കാര്യം നിഷേധിച്ചു. എന്നാല്‍ കേരളക്കാരനായ പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള യെച്ചൂരിയെയാണ് നിഷേധിച്ചത്. എസ്.ആര്‍.പി. ഇത്ര കൂട്ടിച്ചേര്‍ക്കുക കൂടി ചെയ്തു.- ‘പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പേരു പറഞ്ഞ് മക്കളും കൊച്ചു മക്കളും മരുമക്കളും ബന്ധുക്കളും മിത്രങ്ങളും അവിഹിതമായി സ്വത്തു സമ്പാദിക്കുന്നുണ്ടെങ്കില്‍ അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല. അവര്‍ക്ക് പണം നല്‍കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണം. ബന്ധുക്കളുടെ അവിഹിത സ്വത്ത് സമ്പാദനത്തെ കുറിച്ച് അറിഞ്ഞാല്‍ പാര്‍ട്ടി നടപടിയെടുക്കും.’ ജില്ലാ സെക്രട്ടരിയുടെ ഭാര്യ രണ്ടായിരം രൂപ ഒരാളോട് വാങ്ങിയെന്ന വിവരം കിട്ടിയപ്പോള്‍ ഭാര്യയുമായി സംസാരിക്കുന്നതില്‍ നിന്ന് ജില്ലാ സെക്രട്ടറിയെ വിലക്കിയ പാര്‍ട്ടിയാണിതെന്ന് അറിയാതെ ഇപ്പോഴും കോടിയേരിയെ മുക്തനാക്കിയിട്ടില്ല അന്തിച്ചര്‍ച്ചക്കാര്‍.

സി.പി.എമ്മിലെ കണ്ണൂര്‍ ടീമിലെ അംഗമെങ്കിലും തമാശിച്ചും ചിരിച്ചും സംസാരിക്കുന്ന കോടിയേരി പാര്‍ട്ടിക്കതീതമായ വ്യക്തിബന്ധങ്ങളുള്ള ആളാണ്. ഈ അറുപത്തിനാലാമത്തെ വയസ്സിലും അതില്‍ കുലുക്കമില്ല. കോടിയേരിയിലെ സ്‌കൂള്‍ വിട്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദമെടുക്കാനെത്തിയ കോടിയേരി വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തകനായി. 1970ല്‍ പാര്‍ട്ടില്‍ വന്നതാണ്. അടിയന്തിരാവസ്ഥക്കാലത്ത് 16 മാസത്തെ ജയില്‍വാസം. എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ ജോ.സെക്രട്ടറി, ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, എം.എല്‍.എ, മന്ത്രി. 2008ല്‍ പോളിറ്റ് ബ്യൂറോ അംഗമാണ്. പയറ്റിത്തെളിഞ്ഞ കണ്ണൂര്‍ കുറുപ്പ്.