നെന്മാറ പോത്തുണ്ടിയില്‍ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയുമായി അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. വിയ്യൂര്‍ സബ് ജയിലിലാണ് നിലവില്‍ പ്രതിയുള്ളത്. കസ്റ്റഡിയില്‍ കിട്ടാനായി പൊലീസ് ഇന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.
അതേസമയം തെളിവെടുപ്പിന് മുന്നോടിയായി പ്രദേശത്തെ സുരക്ഷാ സാഹചര്യം പൊലീസ് അവലോകനം ചെയ്യുന്നു. കര്‍ശന സുരക്ഷയേര്‍പ്പെടുത്തി തെളിവെടുപ്പിന് കൊണ്ടുവരാനാണ് തീരുമാനം. കൊലപാതകം നടത്തിയ സ്ഥലം, ആയുധം വാങ്ങിയ സ്ഥലം തുടങ്ങിയ ഇടങ്ങളിലാവും തെളിവെടുപ്പ് നടത്തുക.
അതേസമയം വൈരുധ്യമുള്ള മൊഴികളാണ് പ്രതി നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആലത്തൂര്‍ സബ് ജയിലിലാണ് ചെന്താമരയെ ആദ്യം റിമാന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍, സബ് ജയിലിലെ മറ്റ് തടവുകാര്‍ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തിയതോടെ പ്രതിയെ വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.
ജനുവരി 27നാണ് അയല്‍വാസികളായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍നഗറില്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രിയാണ് മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്ന് ചെന്തമാരയെ പിടികൂടുന്നത്.2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയ കുറ്റവാളിയാണ് ഇയാള്‍. ഇപ്പോള്‍ കൊല്ലപ്പെട്ട സുധാകരന്‍ സജിതയുടെ ഭര്‍ത്താവാണ്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും എത്രയും വേഗം ശിക്ഷിക്കൂവെന്നും ചെന്താമര പറഞ്ഞിരുന്നു.