കോഴിക്കോട്: രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്കു വഴി തെളിക്കുന്ന ദേശീയ വിദ്യഭ്യാസ നയം (എന്‍.ഇ.പി) 2020 നെ പഠന വിധേയമാക്കി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രത്യേക സമിതി രൂപീകരിച്ച് തയ്യാറാക്കിയ ‘ദേശീയ വിദ്യാഭ്യാസ നയം 2020 അവലോകനവും നിര്‍ദ്ദേശങ്ങളും’ നാളെ പൊതുസമൂഹത്തിന് സമര്‍പ്പിക്കും. തിങ്കളാഴ്ച മലപ്പുറം ജില്ലാ ലീഗ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന യോഗത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, ഉന്നതാധികാര സമതിയംഗം സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് സമര്‍പ്പിക്കുക. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ്, സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ദേശീയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പ്രൊഫഷണല്‍ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ പുതിയ നയം സൃഷ്ടിക്കും.

വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന പാളിച്ചകള്‍ തിരുത്താന്‍ പ്രയാസമേറിയതും തലമുറകളെ ഇരുട്ടിലേക്ക് നയിക്കുന്നതുമാണ്. ജനാധിപത്യപരമായ കൂടിയാലോചനകളില്ലാതെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പ്രമാണങ്ങളാണ് നയ രേഖകള്‍. വിദ്യാഭ്യാസ മേഖലയെന്നല്ല മറ്റ് മേഖലകളിലെ വികസനത്തേയും സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളേയും സ്വാധീനിക്കാന്‍ വിദ്യാഭ്യാസ നയത്തിന് കഴിയും. പാര്‍ലമെന്റിലും പുറത്തും കാര്യക്ഷമമായി ചര്‍ച്ച ചെയ്ത് ജനാധിപത്യ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തീരുമാനിക്കേണ്ട വിഷയമാണിത്. കാരണം ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കപ്പെടുന്നത് അതിന്റെ ക്ലാസ് റൂമുകളിലാണ്.

മൗലികമായ ഉടച്ചു വാര്‍ക്കലുകള്‍ മുന്നോട്ട് വെച്ച് ശ്രീമതി ഇന്ദിരാഗാന്ധി അവതരിപ്പിച്ച 1986 ലെ നയരേഖ, വിദ്യാഭ്യാസ അവസര സമത്വം ഉറപ്പു വരുന്നതിന് ഊന്നല്‍ നല്‍കി ശ്രീ രാജീവ് ഗാന്ധി അവതരിപ്പിച്ച 1986 ലെ നയരേഖ തുടങ്ങിയവയുടെ തുടര്‍ച്ചയായി വന്ന ഈ രേഖ പാര്‍ലമെന്റിലും മറ്റ് വേദികളിലും ജനാധിപത്യ രീതിയിലുള്ള ചര്‍ച്ച നടക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും വിശേഷിച്ച് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഭാവിയെ മുന്‍ നിര്‍ത്തിയുള്ള വിശകലനമാണ് എം.എസ്.എഫ് സമര്‍പ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ എന്നിവര്‍ അറിയിച്ചു.