കഴക്കൂട്ടം: സംഘാടകരെ കൂസാതെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ രീതി. ടെക്‌നോസിറ്റിയിലെ സണ്‍ടെക്ക് കാമ്പസിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ അവതാരകപ്രസംഗം നീണ്ടപ്പോളാണ് സ്വയം എഴുന്നേറ്റുവന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയത്.

ഉദ്ഘാടനം നടക്കണമെങ്കില്‍ ഇപ്പോള്‍ നടക്കണമെന്നും തനിക്കു മറ്റു പരിപാടികളുണ്ടെന്നും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. ഇതോടെ സംഘാടകര്‍ ഓടിയെത്തി ഉദ്ഘാടനച്ചടങ്ങിനായി കാര്യങ്ങള്‍ നീ്ക്കുകയായിരുന്നു.

അധ്യക്ഷന്റെയും എം.ശിവശങ്കര്‍, എ.സമ്പത്ത് എം.പി. എന്നിവരുടേയും പ്രസംഗം കഴിഞ്ഞ ശേഷം അവതാരകര്‍ കമ്പനിയുടെ വിവരണങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോളാണ് മുഖ്യമന്ത്രിയുടെ ക്ഷമ തെറ്റിയത്. ഉടനെ പിണറായി കസേരയില്‍ നിന്ന് സ്വയം എഴുന്നേറ്റ് മൈക്കിനു മുന്നിലേക്ക് ഉദാഘാടനത്തിനായി എത്തുകയായിരുന്നു.

ഉദ്ഘാടനം നടത്തി രണ്ടു മിനിറ്റ് പ്രസംഗിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. പത്തുമണിക്ക് മറ്റൊരു പരിപാടിയുണ്ടെന്നും ഒമ്പതരയ്ക്കു തിരിച്ചുപോകണമെന്നു കരുതിയാണ് പരിപാടിക്കായി എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

extഎട്ടരയ്ക്കു നിശ്ചയിച്ചിരുന്ന പരിപാടിയുടെ ഉദ്ഘാടകനായാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. എന്നാല്‍ മുഖ്യമന്ത്രി വൈകിയതിനാല്‍ ഒമ്പതേകാലോടെയാണ് പരിപാടി തുടങ്ങിയത്. വൈകിയെത്തിയ മുഖ്യമന്ത്രി പതിനഞ്ച് മിനിറ്റോളം വേദിയില്‍ ഇരിന്നു. ഒമ്പതര കഴിഞ്ഞതോടെ ഉദ്ഘാടനത്തിനായി നേരിട്ടിറങ്ങിവരുകയായിരുന്നു.