ബംഗളൂരു: കോവിഡ് മുക്തരായ ചില രോഗികളില്‍ ബ്രയിന്‍ ഫോഗെന്ന് കണ്ടെത്തല്‍. ബംഗളൂരുവിലെ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളിലാണ് മറവി രോഗം/ചിന്താ ശേഷി നഷ്ടപ്പെടുക തുടങ്ങി ബ്രയിന്‍ ഫോഗ് എന്നു വിളിക്കാവുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ചില രോഗികളില്‍ രോഗപ്രതിരോധ സംവിധാനത്തെ പൂര്‍ണമായി തകരാറിലാക്കുന്ന ഗിലിയന്‍ ബാറെ സിന്‍ഡ്രോ(ജിബിഎസ്)മും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഈ കോവിഡാനന്തര അസുഖങ്ങള്‍.

‘നാല്‍പ്പതുകളിലെത്തിയ രണ്ട് പുരുഷ രോഗികളിലാണ് സെപ്തംബര്‍ അവസാനത്തില്‍ ഞങ്ങള്‍ മറവി കണ്ടെത്തിയത്. കോവിഡ് മുക്തമായ ശേഷം ഓഗസ്റ്റിലാണ് അവര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്’ – സക്ര വേള്‍ഡ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സല്‍ട്ടന്റ് ഡോ. ടിആര്‍ ഹേംകുമാര്‍ പറഞ്ഞു.

ഈ രോഗികള്‍ക്ക് അനായാസേന എഴുതാനും വായിക്കാനും കഴിഞ്ഞില്ല. ജോലിയില്‍ ശ്രദ്ധിക്കാനോ, പത്രം വായിക്കാനോ നേരത്തെ ചെയ്ത കാര്യങ്ങള്‍ യഥാവിധി ചെയ്യാനോ ആയിട്ടില്ല. എന്നാല്‍ ഓര്‍മനഷ്ടം വലിയ തോതിലല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മുക്തരായ രോഗികള്‍ രണ്ടു മാസങ്ങള്‍ക്ക് ശേഷം ഓര്‍മ നഷ്ടപ്പെട്ടെന്ന പരാതിയുമായി സമീപിക്കുന്നുണ്ടെന്ന് ആസ്റ്റര്‍ ആര്‍വി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും പറയുന്നു. ഉറക്കമില്ലായ്മ, തളര്‍ച്ച, തലചുറ്റല്‍, ജിബിഎസ് എന്നീ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ അവയവങ്ങള്‍ തളര്‍ന്നു പോകുകയും നടന്നു കൊണ്ടിരിക്കെ വീണു പോകുകയും ചെയ്യുന്നുണ്ട്. ആഴ്ചകളോളം ഈ പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്- ഡോക്ടര്‍മാരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഉദാഹരണത്തിന് രാത്രിയാണോ പകലാണോ എന്ന് ചിലര്‍ക്ക് ആശയക്കുഴപ്പം വരുന്നു. പേരുകള്‍, രാവിലെ എന്തു തിന്നു, പല്ലു തേച്ചോ തുടങ്ങിയ കാര്യങ്ങള്‍ മറന്നു പോകുന്നു. അറുപത് വയസ്സിനു മുകളിലുള്ള രോഗികളിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതല്‍ കാണുന്നത്. ഒരു പാര്‍ക്കിന്‍സണ്‍ രോഗിക്ക് ഈയിടെ കോവിഡിന് ശേഷം ഓര്‍മ നഷ്ടപ്പെട്ടു’ – ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഡോ. ശ്രീകാന്ത സ്വാമി പറഞ്ഞു.

മസ്തിഷ്‌ക വീക്കമോ മസ്തിഷ്‌കത്തിലേക്ക് കുറഞ്ഞ അളവില്‍ ഓക്‌സിജന്‍ എത്തുന്നതോ ആകാം ഇതിനു കാരണമെന്ന വിലയിരുത്തലിലാണ് ഡോക്ടര്‍മാര്‍.