കൊച്ചി: പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലേക്കുള്ള യാത്രക്കാര്‍ക്ക് സുരക്ഷിത ഗതാഗതം ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളുമായി കൊച്ചി വാട്ടര്‍ മെട്രോ. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ഈ മേഖലകളിലേക്കുള്ള സര്‍വീസ് രാത്രി ഏഴ് മണി വരെ മാത്രമായിരിക്കും.
രാത്രി ഏഴ് മണിക്ക് ശേഷം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കും. തുടര്‍ന്ന് രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട്, വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടുകളില്‍ പ്രത്യേക സര്‍വീസ് നടത്തും. ഈ സമയത്ത് എല്ലാ യാത്രക്കാരെയും ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ടെര്‍മിനലുകളില്‍ സുരക്ഷാ ജീവനക്കാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. പൊലീസിന്റെ സേവനവും ടെര്‍മിനലുകളില്‍ ലഭ്യമാകും. പുലര്‍ച്ചെ നാല് മണി വരെയാണ് സര്‍വീസ് സമയമായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും, അവസാന യാത്രക്കാരനെ വരെ ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലില്‍ എത്തിക്കുന്നതുവരെ സര്‍വീസ് തുടരുമെന്ന് കൊച്ചി വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ തിരക്കുകൂട്ടാതെ ക്യൂ പാലിച്ചും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിച്ചും സഹകരിക്കണമെന്ന് കൊച്ചി വാട്ടര്‍ മെട്രോ അഭ്യര്‍ത്ഥിച്ചു.