രാജ്കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ്. ഇന്ത്യ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ശേഷിക്കെ ന്യൂസിലൻഡ് മറികടന്നു. ഡാരിൽ മിച്ചലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ന്യൂസിലൻഡിന് വിജയം സമ്മാനിച്ചത്. 117 പന്തിൽ 131 റൺസാണ് മിച്ചൽ അടിച്ചുകൂട്ടിയത്.
ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. കെഎൽ രാഹുലിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. പുറത്താകാതെ നിന്ന് 93 പന്തിൽ 112 റൺസാണ് രാഹുൽ നേടിയത്. ന്യൂസിലൻഡിനായി ക്രിസ് ക്ലാർക് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതിഞ്ഞ തുടക്കമാണ് കണ്ടത്. പേസർ കൈലി ജെയിംസ് എറിഞ്ഞ ആദ്യ അഞ്ച് ഓവറുകളിൽ മൂന്ന് മെയ്ഡൻ ഓവറുകളുണ്ടായി. പിന്നീട് താളം കണ്ടെത്തിയ ശുഭ്മൻ ഗിൽ അർധസെഞ്ച്വറി നേടി. 53 പന്തിൽ 56 റൺസാണ് ഗിൽ നേടിയത്. 12-ാം ഓവറിൽ രോഹിത് ശർമ (38 പന്തിൽ 24) പുറത്തായതോടെ ഓപ്പണിംഗ് കൂട്ടുകെട്ട് തകർന്നു. തുടർന്ന് ലെഗ് സൈഡിലേക്ക് പുൾ ഷോട്ടിന് ശ്രമിച്ച ഗില്ലിനെ ഡാരിൽ മിച്ചൽ ക്യാച്ചിലൂടെ പുറത്താക്കി.
പിന്നാലെ ഇറങ്ങിയ വിരാട് കോഹ്ലിക്കും ശ്രേയസ് അയ്യർക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇരുവരെയും പുറത്താക്കിയത് ക്രിസ് ക്ലാർക്കാണ്. പരുങ്ങലിലായ ഇന്ത്യയെ കരകയറ്റിയത് കെഎൽ രാഹുലിന്റെ സെഞ്ച്വറിയായിരുന്നു. രവീന്ദ്ര ജഡേജ 44 പന്തിൽ 27 റൺസും, ഹർഷിത് റാണ നാല് പന്തിൽ രണ്ട് റൺസും നേടി. മുഹമ്മദ് സിറാജ് രണ്ട് റൺസോടെ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് അഞ്ചാം ഓവറിൽ തന്നെ ഓപ്പണർ ഡെവൺ കോൺവെയെ നഷ്ടമായി. തുടർന്ന് പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഹെൻറി നിക്കോളസ് പുറത്തായതോടെ 50 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ ന്യൂസിലൻഡ് പരുങ്ങി. എന്നാൽ ഡാരിൽ മിച്ചലും വിൽ യങ്ങും ചേർന്ന് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇരുവരും ചേർന്ന് 158 പന്തിൽ 162 റൺസ് കൂട്ടിച്ചേർത്തു.
36-ാം ഓവറിൽ കുൽദീപ് യാദവ് വിൽ യങ്ങിനെ പുറത്താക്കി കൂട്ടുകെട്ട് തകർത്തെങ്കിലും, ഡാരിൽ മിച്ചലിന്റെ സെഞ്ച്വറിയോടെ ന്യൂസിലൻഡ് വിജയം ഉറപ്പിച്ചു. ഇന്ത്യക്കായി ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിലെ ജയത്തോടെ പരമ്പര 1-1ന് സമനിലയായി. ജനുവരി 18ന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനമാണ് പരമ്പര നിർണയിക്കുക.