റിയോ:കോപ്പ അമേരിക്കാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബ്രസീലില്‍ നടക്കുമോ…? അന്തിമ തീരുമാനം ഇന്നറിയാം. പ്രതികൂലമായ കോവിഡ് സാഹചര്യത്തില്‍ വന്‍കരാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇന്ന് ബ്രസീല്‍ സുപ്രീം കോടതി തീരുമാനമെടുക്കും. കോടതി തീരുമാനം പ്രതികൂലമായാല്‍ കോപ്പ ബ്രസീലിലും നടക്കില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി, തൊഴിലാളി സംഘടനയുമാണ് ഹര്‍ജിക്കാര്‍. മല്‍സരങ്ങള്‍ അവസാനിക്കാന്‍ മൂന്ന് നാള്‍ മാത്രം ബാക്കി നില്‍ക്കെ അടിയന്തിര പ്രാധാന്യത്തോടെയാമ് കോടതി ഹരജി പരിഗണിക്കുന്നത്. തങ്ങളോട് ആലോചിക്കാതെ കോപ്പ മല്‍സരങ്ങള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനത്തിലുള്ള ശക്തമായ പ്രതിഷേധം കളിക്കാര്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ ബ്രസീല്‍ സര്‍ക്കാര്‍ ഇപ്പോഴും ചാമ്പ്യന്‍ഷിപ്പിന് അനുകൂലമായാണ് സംസാരിക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ബ്രസീല്‍. ഇപ്പോഴും വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലാണ്. കോവീഡ് തീര്‍ത്ത വലിയ പ്രതിസന്ധിക്കിടെ കോപ്പ മല്‍സരങ്ങള്‍ വേണ്ട എന്നാണ് ജനങ്ങളുടെ അഭിപ്രായവും.

വന്‍കരാ ചാമ്പ്യന്‍ഷിപ്പ് ആദ്യം നിശ്ചയിച്ചിരുന്നത് അര്‍ജന്റീനയിലും കൊളംബിയയിലുമായിരുന്നു. എന്നാല്‍ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ കൊളംബിയയില്‍ നിന്നും വേദികള്‍ പിന്‍വലിച്ച ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മല്‍സരങ്ങള്‍ അര്‍ജന്റീനയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കോവിഡില്‍ തകര്‍ന്ന അര്‍ജന്റീനയില്‍ കളിക്കാന്‍ പല രാജ്യങ്ങളും വിമുഖത പ്രകടിപ്പിച്ചതോടെ അവിടെ നിന്ന് മല്‍സര വേദികള്‍ ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ബ്രസീല്‍ താരങ്ങള്‍ ഒന്നടങ്കം തീരുമാനത്തിനെതിരെ രംഗത്ത് വന്നതോടെയാണ് വലിയ പ്രതിസന്ധി ഉടലെടുത്തത്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ കളിക്കാന്‍ നാട്ടിലുള്ള നെയ്മര്‍ ഉള്‍പ്പെടെയുള്ള ഫുട്‌ബോളര്‍മാര്‍ ഇക്വഡോറിനെതിരായ മല്‍സരത്തിന് മുമ്പ് തന്നെ പ്രതിഷേധം പരസ്യമാക്കിയിരുന്നു. എന്നാല്‍ ബ്രസീല്‍ പ്രസിഡണ്ട് പ്രശ്‌നത്തില്‍ ഇടപ്പെട്ടു.

ശാന്തരാവാന്‍ താരങ്ങളോട് പറഞ്ഞപ്പോള്‍ പരാഗ്വേക്കെതിരായ മല്‍സരത്തിന് ശേഷം അഭിപ്രായം പറയാമെന്നായിരുന്നു നായകനായ കാസിമിറോ വ്യക്തമാക്കിയത്. ഇന്നലെ പരാഗ്വക്കെതിരായ മല്‍സരത്തിന് ശേഷം എല്ലാ താരങ്ങളും സമുഹ മാധ്യമങ്ങളിലുടെ പ്രതിഷേധം ശക്തമാക്കി. ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌ക്കരിക്കില്ല എന്ന താരങ്ങളുടെ പരാമര്‍ശം മാത്രമാണ് സര്‍ക്കാരിന് പിടിവള്ളി. അപ്പോഴും ഇന്നത്തെ സുപ്രീം കോടതി വിധി തന്നെ പ്രധാനം.