ന്യൂഡല്‍ഹി: അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍.ആര്‍.സി) പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ ഹാജരാക്കാന്‍ എല്ലാവര്‍ക്കും സമയം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെ ഭാഗം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

എന്‍.ആര്‍.സി പട്ടികയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. തിങ്കളാഴ്ചയാണ് എന്‍.ആര്‍.സി അന്തിമ കരട് പട്ടിക പുറത്തുവിട്ടത്. 40 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.