മുംബൈ: മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ ഒമ്പതു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയല്ലെന്ന് പൊലീസ്. നിധി കണ്ടെത്തി നല്‍കാമെന്ന് കബളിപ്പിച്ച് ശേഷം ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് അലി ഭഗ്വാന്‍, സഹായി ധീരജ് സുരവാസെ എന്നിവരാണ് പിടിയിലായത്.

സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുള്ള കൂട്ട ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പോപത് വാമോറെ, സഹോദരന്‍ മണിക് വാമോറെ, ഇരുവരുടേയും അമ്മ, ഭാര്യമാര്‍, മക്കള്‍ എന്നിവരെയാണ് മരിച്ചത്. ഒന്നര കിലോമീറ്ററാണ് ഇരുവരുടേയും വീടുകള്‍ക്കിടയിലുള്ള ദൂരം. രണ്ടു വീട്ടിലും ഏതാനും സമയത്തിന്റെ മാത്രം വ്യത്യാസത്തില്‍ കൂട്ട മരണം നടന്നതാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. രണ്ടു കുടുംബങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യത ഉള്ളതായി കണ്ടെത്തിയ പൊലീസ് ഇവര്‍ക്ക് വായ്പ നല്‍കിയവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് മുഹമ്മദ് അലി ഭഗ്വാന്‍ രണ്ടു കുടുംബങ്ങളില്‍ നിന്നുമായി ഒന്നരക്കോടി തട്ടിയതായും നിധി ലഭിക്കാതായതോടെ പണം തിരിച്ചു ചോദിച്ചതിനെതുടര്‍ന്ന് അഭിചാരത്തിനെന്ന പേരില്‍ ഇരു വീട്ടിലുമെത്തി വിഷം കലര്‍ത്തിയ ചായ ഒരോരുത്തരേയും കുടിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.