കോഴിക്കോട്: നിപ്പ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. ഇന്നലെ സംസ്ഥാനത്ത് പുതുതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം സ്ഥിരീകരിച്ച മൂന്ന് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആസ്പത്രിയിലുമാണുള്ളത്. ജൂണ്‍ 10 വരെ ആരോഗ്യവകുപ്പ് മറ്റു വകുപ്പുകളെ ഏകോപിപ്പിച്ച് നിതാന്തജാഗ്രത തുടരുമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ ബാധിതരെ ചികിത്സക്കുന്നതിനായി സ്ഥിരം ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കാന്‍ തീരുമാനമായി. ഭാവിയില്‍ മറ്റു വൈറസ് ബാധയുണ്ടാകുമ്പോള്‍ പ്രതിരോധിക്കുന്നതിനാണിത്. വെന്റിലേറ്റര്‍, എക്‌സറേ, ലബോറട്ടറി സൗകര്യങ്ങള്‍ വാര്‍ഡില്‍ തന്നെ ഒരുക്കും.