ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കോണ്‍ഗ്രസ് മുക്ത ഭാരതമാണെന്നും അതിനായി അരയും തലയും മുറുക്കി പ്രവര്‍ത്തിക്കാനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നിതി ആയോഗ് ചിന്തിക്കുന്നത് മറ്റൊരു ദിശയില്‍.

നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ തയാറാക്കിയ വൊളന്ററി നാഷണല്‍ റിവ്യൂ റിപ്പോര്‍ട്ട് ബി.ജെ.പിയുടെ അവകാശ വാദത്തെ പൂര്‍ണമായും തള്ളുന്നവിധമാണ്. ഇന്ത്യയുടെ പുരോഗതിയുടെ സൂചകങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് 1991ല്‍ നരസിംഹ റാവുവിന് കീഴിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമാണ്. 1991ല്‍ കൊണ്ടു വന്ന സാമ്പത്തിക പരിഷ്‌കാരത്തിന്റെ ഭാഗമായി രാജ്യത്തെ ദാരിദ്ര നിര്‍മാര്‍ജ്ജനത്തില്‍ വലിയ പുരോഗതി കൈവന്നതായും സാമ്പത്തിക പരിഷ്‌കരണത്തിനു മുമ്പ് ദാരിദ്ര്യം എല്ലാ തരം സാമ്പത്തിക, സാമൂഹിക, മത വിഭാഗങ്ങളേയും രാജ്യവ്യാപകമായി ബാധിച്ചിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
1993-94മുതല്‍ 2003-04 വരെ 6.3 ശതമാനമായിരുന്ന സുസ്ഥിര വികസനം 2004-05 മുതല്‍ 2011-12 ആയപ്പോഴേക്കും 8.3 ശതമാനമായതായും റിപ്പോര്‍ട്ട് പറയുന്നു. ഇത് വേതന വര്‍ധനവിനും തൊഴില്‍ ലഭ്യതക്കും കാരണമായതായും അരവിന്ദ് പനഗരിയ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സര്‍ക്കാറിന്റെ ജന്‍ധന്‍ യോജന, ക്ലീന്‍ ഇന്ത്യ പദ്ധതി, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്നീ പദ്ധതികളേയും റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാണിക്കുന്നു. അതേ സമയം 2015 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി യു.പി.എ സര്‍ക്കാറിന്റെ ഭരണ പരാജയത്തിന്റെ സ്മാരകമാണെന്ന് പരിഹസിച്ചിരുന്നു.
സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ജനങ്ങളെ പടുകുഴിയില്‍ വീഴ്ത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ പോലും പദ്ധതിക്കു കൂടുതല്‍ ഫണ്ട് വകയിരുത്തുകയും ചെയ്തു. ദാരിദ്ര നിര്‍മാര്‍ജ്ജനത്തിനായുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതി 2016-17ല്‍ മാത്രം രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സഹായിച്ചെന്ന് പനഗരിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.