പട്‌ന: ഇത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. പൂര്‍ണിയയിലെ ജെഡിയു സ്ഥാനാര്‍ത്ഥിക്കു വേണ്ടി നടത്തിയ പ്രചാരണ റാലിയാണ് നിതീഷ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

‘പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്. മറ്റന്നാള്‍ തിരഞ്ഞെടുപ്പാണ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്. നല്ലതെല്ലാം നല്ലതായേ അവസാനിക്കൂ’ – നിതീഷ് കുമാര്‍ പറഞ്ഞു.

2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണദിനത്തിലാണ് നിതീഷിന്റെ പ്രഖ്യാപനം. കോവിഡ് പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബര്‍ ഏഴിനാണ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

എന്നാല്‍ നിതീഷിന്റെ പ്രഖ്യാപനത്തെ നിസ്സാരമായി കാണുന്നവരുമുണ്ട്. നേരത്തെ ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യവുമുണ്ടാകില്ല എന്ന് പ്രഖ്യാപിച്ചയാളാണ് നിതീഷ് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.