ഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ കോവിഡ് മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ തലത്തില്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ആരോഗ്യം സംസ്ഥാന വിഷയമായതിനാലാണ് ഇതെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ രാജ്യസഭയെ അറിയിച്ചു.

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഇന്‍ഷുറന്‍സ് പാക്കേജില്‍നിന്ന് സഹായം തേടിയവരുടെ കണക്കുകള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ളതെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയുന്നതിനുള്ള സമിതികള്‍ രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങളോടും, ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യങ്ങള്‍ നോക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ ആശുപത്രികളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.