ന്യൂദല്‍ഹി: ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടുടെപ്പിലൂടെ തള്ളി. 325 മോദി സര്‍ക്കാറിനെ പിന്തുണച്ചപ്പോള്‍ പ്രതിപക്ഷത്തിന് 126 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തിനു ശേഷമായിരുന്നു ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ വോട്ടെടുപ്പിന് ഉത്തരവിട്ടത്. ലോക്സഭയിലെ അവിശ്വാസപ്രമേയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. ര്‍ക്കാരുകളെ തകര്‍ക്കുന്ന പ്രവൃത്തികളാണ് കോണ്‍ഗ്രസിന്റേതെന്ന് മുലായം സിംഗ് യാദവിനെയും ദേവ ഗൗഡയെയും വഞ്ചിച്ചതും കോണ്‍ഗ്രസാണെന്നും മോദി ആരോപിച്ചു.ചരണ്‍ സിംഗിനോടും ചന്ദ്രശേഖറിനോടും ഗുജ്റാളിനോടും കോണ്‍ഗ്രസ് ചെയ്തതെന്താണ്? നോട്ടുകളുടെ ശക്തികൊണ്ടുമാത്രം രണ്ടുവട്ടം വോട്ടുകള്‍ നേടിയവരാണ് കോണ്‍ഗ്രസ്.

സര്‍ജിക്കല്‍ സ്ട്രൈക്കിനെ നിങ്ങള്‍ക്ക് എത്രവേണമെങ്കിലും അപമാനിക്കാം, പക്ഷേ രാജ്യത്തെ ജവാന്മാരെ അവഹേളിക്കരുത്. നമ്മുടെ സൈന്യത്തോടു കാണിക്കുന്ന ഈ അപമാനത്തോട് ഞാന്‍ സഹിഷ്ണുത കാട്ടുകയില്ല.

‘ഞങ്ങള്‍ക്ക് എണ്ണത്തില്‍ക്കുറവാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ’ എന്ന പ്രസ്താവന ഞാന്‍ കണ്ടു. എന്തൊരു ധാര്‍ഷ്ട്യമാണ്. 1999ല്‍ അവര്‍ രാഷ്ട്രപതി ഭവനു പുറത്തു വന്നു നിന്നു പറഞ്ഞു, തങ്ങളുടെ അംഗസംഖ്യ 272 ആണെന്നും കൂടുതല്‍ പേര്‍ തങ്ങളോടു ചേരുന്നുണ്ടെന്നും. അടല്‍ജിയുടെ സര്‍ക്കാരിനെ അവര്‍ തകര്‍ത്തു, സ്വയമുണ്ടാക്കുമെന്ന് ഉറപ്പു നല്‍കിയ സര്‍ക്കാര്‍ ഒരിക്കലും ഉണ്ടാക്കിയതുമില്ല.

കോണ്‍ഗ്രസാണ് ആന്ധ്രയുടെ വിഭജനത്തിനു കാരണം. ആന്ധ്രാ പ്രദേശിന്റെയും തെലങ്കാനയുടെയും വികസനത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ബദ്ധശ്രദ്ധരാണ്. ആന്ധ്രയിലെ ജനങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കും.

വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ കെണിയിലേക്കാണ് നിങ്ങള്‍ വീഴാന്‍ പോകുന്നതെന്ന് ടി.ഡി.പി എന്‍.ഡി.എ വിടാന്‍ തീരുമാനമെടുത്തപ്പോള്‍ ഞാന്‍ ചന്ദ്രബാബു നായിഡുവിനോടു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.