സോള്‍: അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്ന് സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ഉത്തര്‍കൊറിയ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണമാണിത്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തായിരുന്നു പരീക്ഷണം. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്റെ 500 രിലോമീറ്ററിനുള്ളിലാണ് മിസൈല്‍ പതിച്ചതെന്നും അവര്‍ അറിയിച്ചു. മിസൈല്‍ പരീക്ഷണം നടന്നതായി അമേരിക്കയും ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതി ഗതികള്‍ വൈറ്റ്ഹൗസ് നിരീക്ഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തര കൊറിയന്‍ അധികൃതര്‍ തയാറായില്ല.

4000
കഴിഞ്ഞ ദിവസം ദക്ഷിണകൊറിയയിലെത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ഉത്തരകൊറിയക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെക്കാതെയാണ് ഉത്തരകൊറിയയുടെ പരീക്ഷണം. അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.