മോദിയുടെ നോട്ടുനിരോധനം മൂലം പണമില്ലാതായതോടെ രാജ്യത്തെത്തിയ അനേകം വിദേശ ടൂറിസ്റ്റുകളും പ്രതിസന്ധിയിലാണ്. മുംബൈയിലെ തെരുവില്‍ നൃത്തമവതരിപ്പിച്ച് കാശ് പിരിക്കുന്ന വിദേശികള്‍ വാര്‍ത്ത സൃഷ്ടിച്ചെങ്കില്‍ ഇപ്പോഴിതാ പണമില്ലാതായതോടെ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയിരിക്കുന്നു ഒരു വിദേശി.

മൂന്നാറിലാണ് സംഭവം. രാജ്യന്തര എടിഎം കാര്‍ഡുകള്‍ കൈയിലുണ്ടെങ്കിലും കേരളത്തിലെ എടിഎമ്മുകളില്‍ പണമില്ലാത്തതാണ് വിദേശിയെ വലച്ചത്. കൈയിലുണ്ടായിരുന്ന ഏതാനും ഇന്ത്യന്‍ കറന്‍സി കൊണ്ട് ഏതാനും ദിവസങ്ങള്‍ തള്ളിനീക്കിയെങ്കിലും പണം തീര്‍ന്നതോടെ ഇയാള്‍ വലഞ്ഞു. ഒരു ദിവസം മുഴുവന്‍ പട്ടിണി കിടന്ന ഇയാള്‍ കഴിഞ്ഞ ദിവസം രണ്ടും കല്‍പിച്ച് മൂന്നാറിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുകയായിരുന്നു. ഡെബിറ്റ് കാര്‍ഡ് സൗകര്യം ഇല്ലെന്ന് ഹോട്ടലുകാര്‍ നേരത്തെ അറിയിച്ചെങ്കിലും അക്കാര്യം മറച്ചുവെച്ച് ഇയാള്‍ ഹോട്ടലില്‍ നിന്ന് വയറു നിറയെ ഭക്ഷണം കഴിച്ചു.

ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ ഇയാളെ ഹോട്ടലുടമകള്‍ ഓടിച്ചിട്ട് പിടികൂടിയെങ്കിലും ദയനീയാവസ്ഥ ബോധ്യപ്പെട്ടതോടെ വിട്ടയച്ചു.