അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം അക്കൗണ്ടുകളില്‍ ഒരു കോടിയിലധികം രൂപ നിക്ഷേപിച്ച 8000ത്തോളം പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കും. നികുതി ദായകരായ 5000 പേരില്‍ ചിലര്‍ക്ക് ആദായ നികുതി വകുപ്പ് ഇതിനോടകം വരുമാന സ്രോതസ്സ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. 5000 പേര്‍ അഹമ്മദാബാദിലും 3000 പേര്‍ രാജ്‌കോട്ടിലുമായി 8000 പേര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്നത്.

 

നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിനു ശേഷം കോടിക്കണക്കിന് രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 3000ത്തോളം പേര്‍ക്ക് രാജ്‌കോട്ടില്‍ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വലിയ രീതിയില്‍ നിക്ഷേപം നടത്തിയവരുടെ പേരുവിവരങ്ങള്‍ ജനുവരി ഒന്നു മുതല്‍ ബാങ്കുകള്‍ നല്‍കാനിരിക്കെ ആദായ നികുതി വകുപ്പ് ഇതിനു മുന്നോടിയായി തന്നെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. വരുമാന സ്രോതസ്സ് വ്യക്തമാക്കാന്‍ കഴിയാത്തവരില്‍ നിന്നും 85 ശതമാനം പിഴ ഈടാക്കും.