തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വരുംദിവസങ്ങളില്‍ കൂടുതല്‍ തീവ്രമാകും. പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത് ഡിസംബര്‍ രണ്ടോടെ തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്കു കടക്കുമെന്നാണു കരുതുന്നത്.

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി ഡിസംബര്‍ മൂന്നുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്. ചൊവ്വാഴ്ച  ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട്  പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115 മുതല്‍ 204 വരെ മില്ലിമീറ്റര്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ ചൊവ്വാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ലക്ഷദ്വീപിലും ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്.