മുംബൈ: മാസ്‌ക് ധരിച്ചില്ലേ, എങ്കില്‍ റോഡ് അടിച്ചുവാരാന്‍ ഒരുങ്ങിക്കൊള്ളൂ. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റേതാണ് തീരുമാനം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ വന്നാല്‍ ഒരു മണിക്കൂര്‍ റോഡ് വൃത്തിയാക്കേണ്ടി വരും എന്നാണ് അധികൃതര്‍ അറിയിച്ചത്. 200 രൂപ പിഴ അടക്കാന്‍ വിസമ്മതിക്കുന്നവരോടാണ് പൊതുസ്ഥലം വൃത്തിയാക്കാന്‍ ആവശ്യപ്പെടുക.

സാമൂഹ്യസേവനം ചെയ്യാന്‍ വിസമ്മതിച്ചാല്‍ പൊലീസ് കേസെടുക്കും. ബിഎംസിയുടെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ബൈലോ പ്രകാരമാണ് ശിക്ഷാനടപടികള്‍. പണം ഈടാക്കലല്ല, മാസ്‌ക് ധരിക്കണമെന്ന ബോധം ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ബിഎംസി അഡീഷണല്‍ കമ്മിഷണര്‍ സുരേഷ് കകാനി പറഞ്ഞു.

ഒക്ടോബര്‍ 21 വരെ മുംബൈയില്‍ ഒരു ലക്ഷം പേരാണ് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വന്നത്. 2.30 കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാറിന് പിരിഞ്ഞു കിട്ടിയത്. മാസ്‌ക് ധരിക്കുന്നതിനായി കോര്‍പറേഷന്‍ വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്.