കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിലുള്ള സന്തോഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ‘വി.വി.ഐ.പി’ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയിലെ പൊതുജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട് ഉപാരാഷ്ട്രപതി കണ്ടോ എന്ന ചോദ്യമുയര്‍ത്തി പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. കൊച്ചി സുഭാഷ് പാര്‍ക്കിലെ പ്രഭാത സവാരിയുടെ സന്തോഷം ട്വിറ്ററിലൂടെ പ്രകടിപ്പിച്ച വെങ്കയ്യ നായിഡുവിന് ട്വിറ്ററിലൂടെ തന്നെയാണ് മാധവന്‍ മറുപടി നല്‍കിയത്.

ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള പ്രഭാത സവാരിയുടെ ചിത്രങ്ങള്‍ സഹിതമാണ് വെങ്കയ്യ നായിഡു തന്റെ കൊച്ചി അനുഭവം കുറിച്ചത്. സുഭാഷ് പാര്‍ക്കിലെ പ്രഭാത സവാരി ആസ്വദിച്ചുവെന്നും നല്ല കാലാവസ്ഥയായിരുന്നുവെന്നും വ്യക്തമാക്കിയായിരുന്നു നായിഡുവിന്റെ കുറിപ്പ്.
എന്നാല്‍, ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കാരണം ദിവസം മുഴുവന്‍ ബുദ്ധിമുട്ടിയ കൊച്ചിയിലെ ജനങ്ങളുടെ പ്രതിനിധിയായി എന്‍.എസ് മാധവന്‍ കുറിച്ചതിങ്ങനെ:
‘കൊച്ചി നിങ്ങള്‍ക്ക് ആസ്വാദ്യകരമായി അനുഭവപ്പെട്ടതില്‍ സന്തോഷം. പക്ഷേ കൊച്ചിക്ക് നിങ്ങള്‍ ഒരു സന്തോഷമായോ? റോഡുകളടച്ചിട്ടു. ആംബുലന്‍സുകള്‍ക്ക് പോലും ഗതാഗത സതംഭനമുണ്ടാക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂകള്‍ നഷ്ടപ്പെട്ടു. അടിയന്തിര ചികിത്സ കിട്ടേണ്ട രോഗികളെ പരിചരിക്കാന്‍ ഡോക്ടര്‍മാര്‍ക്കും സാധിച്ചില്ല.
സര്‍,
സുരക്ഷയൊരുക്കിയ ഉന്നത പോലീസുദ്യോഗസ്ഥരോടു ചോദിച്ചു നോക്കു നിങ്ങളുടെ പേരില്‍ അവര്‍ കൊച്ചിയോട് ചെയ്തത് എന്തൊക്കെയാണെന്ന്’