കൊച്ചി: പീഡനക്കേസില്‍ പ്രതിയായ ദിലീപ് അംഗമായ താരസംഘടനയുമായി ബന്ധം അവസാനിപ്പിക്കാന്‍ തങ്ങളുടെ ജനപ്രതിനിധികളായ ഇന്നസെന്റിനോടും മുകേഷിനോടും സി.പി.എം ആവശ്യപ്പെടണമെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എന്‍.എസ് മാധവന്‍ ഉന്നയിച്ചത്.

‘ഏറ്റവും വൃത്തികെട്ട ‘മീ ടൂ…’ സംഭവമുണ്ടായത് ഹോളിവുഡില്‍ അല്ല കേരളത്തിലാണ്. ഒരു ഗ്യാങിന് പണം കൊടുത്ത് നടിയെ ബലാത്സംഗം ചെയ്യിച്ചു. കേസ് നടക്കുകയാണ്. എന്നാല്‍ താരസംഘടനയായ ‘അമ്മ’യിലെ ‘മെയില്‍ ഷോവനിസ്റ്റ് പിഗ്‌സ്’ കുറ്റാരോപിതരെ പിന്തുണച്ച് മീ ടൂ…മീ ടൂ…എന്ന് ആര്‍ക്കുകയാണ്’-മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍സ് ഇന്‍ സിനിമാ കളക്ടീവ്‌സ് ‘അമ്മ’യുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. പി.ടി തോമസ് എം.പിയും ‘അമ്മ’ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.