ബെയ്ജിങ്: ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ആണവനിലയത്തില്‍ ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള തായ്ഷാന്‍ ആണവനിലയത്തിലാണ് കഴിഞ്ഞ ഒരാഴ്ചയിലേറേയായി ചോര്‍ച്ച. ഫ്രഞ്ച് കമ്പനിയായ ഫാര്‍മടോം ഇതു സംബന്ധിച്ച വിവരം യുഎസിന് കൈമാറിയ രേഖ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

കഴിഞ്ഞ ഒരാഴ്ചയായി യുഎസിന്റെ ഊര്‍ജ മന്ത്രാലയം ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ സംസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്ന് അവര്‍ പറഞ്ഞു. ചൈനീസ് സര്‍ക്കാര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍, പ്രതിസന്ധിഘട്ടമില്ലെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. ആണവനിലയത്തിലെ ജീവനക്കാരും പൊതുജനങ്ങളും സുരക്ഷിതരാണ്. ചോര്‍ച്ച തടയാനായില്ലെങ്കില്‍ സ്ഥിതി വഷളായേക്കുമെന്നും കരുതുന്നു.

സ്ഥിതിഗതികള്‍ ‘സാധാരണം’ ആണെന്നാണ് തായ്ഷാന്‍ ആണവനിലയം ഞായറാഴ്ച, അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നത്. നിലയത്തിലെ രണ്ടു റിയാക്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാം യൂണിറ്റിലെ ഒരു റിയാക്ടറിന് അറ്റകുറ്റപ്പണി നടത്തിയതായി പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.