അഡ്വ. പി.വി സൈനുദ്ദീന്‍

ലോകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണ്. മാനവരാശി മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് നാളേറെയായി. കുഞ്ഞന്‍ വൈറസ് ലോകത്തിന്റെ ഗതി വിഗതികളെ ഇന്നും നിയന്ത്രിക്കുകയാണ്. നൂറ്റാണ്ടിലെ മഹാമാരി കൊറോണ ഫോബിയ എന്ന മാനസികവിഭ്രാന്തിക്ക്‌പോലും ഹേതുവായിരിക്കുകയാണ്. ജനുവരി 30നാണ് ലോക ആരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഫെബ്രുവരിയില്‍
CORONA VIRUS DISEASE-19 എന്ന രോഗത്തിന് കോവിഡ് 19 എന്ന ചുരുക്കപ്പേരും നല്‍കി. മാര്‍ച്ച് 11ന് ലോക മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. വ്യത്യസ്ത ഭാഷകളില്‍ കൊറോണക്ക് കിരീടമെന്നും ഗ്രഹണമെന്നും അര്‍ഥതലങ്ങളുണ്ട്. കിരീടംവെച്ച രാജാവായി കൊറോണ പൊതുജനാരോഗ്യരംഗത്തുണ്ടാക്കുന്ന ഭയാനകമായ സാഹചര്യങ്ങള്‍ ചികിത്സാരംഗത്തും നിയമരംഗത്തും വിവിധ തലങ്ങളില്‍ സംവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

കോവിഡ് മരണസംഖ്യ ലോകത്ത് 11 ലക്ഷവും ഇന്ത്യയില്‍ 1,12,000ഉം കവിഞ്ഞിരിക്കുകയാണ്. കോവിഡ് കാലത്തെ ചികിത്സയും മരണവും മരണാനന്തര ചടങ്ങുകളുമെല്ലാം ഇപ്പോള്‍ വ്യത്യസ്ത തലങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഓരോ മനുഷ്യനും അന്തസ്സുള്ള മരണം ആഗ്രഹിക്കുന്നവരാണ്. ബന്ധുമിത്രാദികളുടെ സ്‌നേഹസമ്പന്നമായ പരിചരണത്തോട്കൂടി മരിക്കുന്നതിന്‌വേണ്ടിയാണ് മനുഷ്യന്‍ ആഗ്രഹിക്കുന്നത്. പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ അന്ത്യശ്വാസം വലിക്കുന്നത് മനുഷ്യനെ ഭയപ്പെടുത്തുന്ന സംഗതിയാണ്. മഹാമാരി കാലത്തെ മരണങ്ങള്‍ ആശങ്കയുടെ പ്രതലങ്ങളില്‍ എത്തിനില്‍ക്കുകയാണ്. രോഗിയുടെ അത്യാസന്ന ഘട്ടത്തില്‍ പോലും സാന്ത്വനത്തിന്റെ പരിശ്രമങ്ങള്‍ (pain& palliative) എത്തുന്നില്ല എന്നുള്ളത് ആരോഗ്യരംഗത്തെ നൈതികതയുടെ (Ethics) പ്രശ്‌നമാണ്. ഐസൊലേഷന്‍ വാര്‍ഡിലെ ദുരിതങ്ങള്‍ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ വന്ന കുറിപ്പുകള്‍ രോഗികളോടും മൃതശരീരങ്ങളോടും ചില സന്ദര്‍ഭങ്ങളില്‍ കാണിക്കപ്പെട്ട ക്രൂരതയുടെ ചിത്രം വെളിവാകുന്നതാണ്.

മൃതശരീരങ്ങളില്‍ വൈറസ് തങ്ങിനില്‍ക്കില്ലെന്നും മൃതശരീരങ്ങളിലൂടെ രോഗം പകരാന്‍ സാധ്യതയില്ലെന്നും ആരോഗ്യരംഗത്തെ വിദഗ്ധ സമിതികളുടെ പഠനങ്ങള്‍ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം അനുസരിച്ച് മാന്യതയുടെ അടിസ്ഥാനത്തിലുള്ള ജീവിതവും പൂര്‍ണ്ണമായ സന്തോഷവും മൗലികാവകാശങ്ങളില്‍പെട്ടതാണ്. പരമ്പരാഗത മതാചാരം അനുസരിച്ച് മൃതദേഹം സംസ്‌കരിക്കുന്നത്‌പോലും ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ പരിധിയില്‍പെടുന്നതാണ്. കോവിഡ് പ്രോട്ടോകോള്‍ മറവില്‍ അമിതമായ അധികാരം ഉപയോഗിച്ച് രോഗികളോടും മൃതശരീരങ്ങളോടും അനാദരവ് കാണിക്കുന്നത് സുപ്രീംകോടതി വിവിധ വിധിന്യായങ്ങളിള്‍ പരാമര്‍ശിച്ച മാനവിക മാന്യത (Human Digntiy) എന്ന സംസ്‌കാരത്തിന് വിരുദ്ധവുമാണ്. ഇസ്‌ലാം മതാചാരം അനുസരിച്ച് മയ്യിത്ത് കുളിപ്പിക്കുന്നതിനും കഫന്‍ ചെയ്യുന്നതിനും ഹിന്ദു, ക്രിസ്ത്യന്‍ മത ധര്‍മ്മ ശാസനകള്‍ അനുസരിച്ച് ശേഷക്രിയകള്‍ ചെയ്യുന്നതിനും സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. വിദേശരാജ്യങ്ങളില്‍ കഫന്‍ ചെയ്യുന്നതിനും തയമ്മം ചെയ്യുന്നതിനും ആരോഗ്യവിദഗ്ധര്‍ അനുമതി നല്‍കിയിരിക്കുകയാണ്.

ലോക ആരോഗ്യ സംഘടനയുടെ DISPOSAL OF DEAD BODIES ചാപ്റ്ററില്‍ പ്രത്യേകമായി സൂചിപ്പിച്ചത് മരിച്ചവരുടെ ബന്ധുക്കളുടെ വികാരങ്ങള്‍ മാനിക്കണമെന്നും പരമ്പരാഗത മതാചാരമനുസരിച്ച് മൃതദേഹങ്ങള്‍ പരിപാലിക്കുന്നതിന് അവസരം നല്‍കണമെന്നുമാണ്. സേവനരംഗത്തെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി. പി.പി.ഇ കിറ്റ് ധരിച്ച് മൃതദേഹങ്ങള്‍ പരിപാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കേണ്ടതുണ്ട്. ശാസ്ത്രീയമായ മോര്‍ച്ചറി സംവിധാനത്തെക്കുറിച്ചുപോലും ചാപ്റ്റര്‍ പരാമര്‍ശിക്കുന്നുണ്ട്. കല്‍ക്കത്ത ഹൈക്കോടതിയില്‍ വിനീത റേ സമര്‍പ്പിച്ച കേസില്‍ മൃതദേഹം ബന്ധുമിത്രാദികള്‍ക്ക് വിട്ടുനല്‍കണമെന്നും വിശുദ്ധ ഗ്രന്ഥപാരായണം, വിശുദ്ധ ജലം തളിക്കല്‍ എന്നീ മതാചാരങ്ങള്‍ക്ക്തടസ്സം നില്‍ക്കരുതെന്നും വിധിന്യായത്തില്‍ പറയുകയുണ്ടായി.

കോവിഡ് ചികിത്സയും മരണവുമായി ബന്ധപ്പെട്ട് പൗരന്റെ അവകാശങ്ങള്‍ ഹനിക്കുന്ന ഒരുപാട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. യു.പിയിലെ നിര്‍മ്മാണ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിറ്റൈസര്‍ എന്ന പേരില്‍ മരുന്ന് തലയില്‍ ഒഴിച്ചത് അന്താരാഷ്ട്രതലത്തില്‍ വലിയ വിവാദമായിരുന്നു. പുതുച്ചേരിയില്‍ കോവിഡ് മൂലം മരിച്ച ഡോക്ടറുടെ സംസ്‌കാര ചടങ്ങില്‍ മൃതശരീരത്തിനുനേരെ പോലും സാമൂഹിക വിരുദ്ധര്‍ കല്ലെറിഞ്ഞത് ക്രൂരതയുടെ മറ്റൊരു അധ്യായമായിരുന്നു. മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിന്പകരം ദഹിപ്പിച്ച സംഭവം സാക്ഷര കേരളത്തിലുമുണ്ടായി. മധ്യപ്രദേശില്‍ കോവിഡ് രോഗിയെ ചങ്ങലക്കിട്ടതും ദുരനുഭവങ്ങളുടെ മറ്റൊരു സാക്ഷ്യപത്രമായിരുന്നു.

പൊതുജന ആരോഗ്യരംഗത്തും ആതുരസേവന രംഗത്തും സാമൂഹിക ധാര്‍മ്മികതയുടെ (Social Moraltiy) കാഴ്ചപ്പാട് ഗൗരവമായി വിശകലനം ചെയ്യപ്പെടേണ്ടതാണ്. കോവിഡ് രോഗികള്‍ക്ക് ആസ്പത്രികളില്‍പോലും അടിസ്ഥാനസൗകര്യങ്ങളും പ്രാഥമിക ചികിത്സയും ലഭ്യമല്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ 5 സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം പറഞ്ഞുവെച്ചത് കോവിഡ് രോഗികളോട് മൃഗതുല്യമായ സമീപനം വെച്ചുപുലര്‍ത്തരുതെന്നാണ്.

ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദം നിര്‍ദേശിക്കുന്ന ജീവിതവും സ്വാതന്ത്ര്യവും എന്ന അവകാശവും ലോക ആരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളും പൊതുവില്‍ ഹനിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. മൃതശരീരത്തോട് ആദരവ് പ്രകടിപ്പിക്കണമെന്നത് സകല മത ദര്‍ശനങ്ങളും ലോകത്തെ നിയമവ്യവസ്ഥകളും അനുശാസിക്കുന്നുണ്ട്. മൃതശരീരങ്ങളോട് അനാദരവ് പ്രകടിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി രാജ്യത്തെ നിയമ വ്യവസ്ഥകളിലുമുണ്ട്. നിയമത്തിന്റെ ദൃഷ്ടിയില്‍ മനുഷ്യന്റെ മരണത്തോടുകൂടി അസ്തിത്വം ഇല്ലാതാകുമെങ്കിലും മൃതശരീരത്തിന് ചിലത് അവകാശപ്പെട്ടതാണെന്നത് നിയമ ലോകം വിളിച്ചുപറയുന്നുമുണ്ട്. ദയാവധവുമായി ബന്ധപ്പെട്ട കോമണ്‍ കോസ് സൊസൈറ്റിയുടെ കേസില്‍ പ്രതീക്ഷപോലും നഷ്ടപ്പെട്ട് മരണം ആസന്നമായ ഘട്ടത്തില്‍ വൈദ്യസഹായംപോലും വേണ്ട എന്ന് തീരുമാനിച്ച് മാന്യമായ ഒരു മരണം പൗരന് ആഗ്രഹിക്കാവുന്നതാണ് എന്ന്‌പോലും സുപ്രീംകോടതി വിധി പറയുകയുണ്ടായി. കോവിഡ് രോഗികളുടെ ചികിത്സ സംബന്ധിച്ചും കോവിഡ് രോഗംമൂലം മരിച്ച മൃതശരീരങ്ങളോട് അനാദരവ് കാണിക്കുന്നത് സംബന്ധിച്ചും സ്വമേധയാനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്‍ കേന്ദ്ര നിയമമന്ത്രികൂടിയായ സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. അശ്വിനികുമാര്‍ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി.

കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ പരമ്പരാഗത മതാചാരങ്ങള്‍ അനുസരിച്ച് സംസ്‌കരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോവിഡ് പ്രോട്ടോകോളിന്റെ പേരില്‍ അനാദരവ് കാട്ടുന്നില്ലെന്ന് പരിശോധിക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സമുദായ നേതൃത്വവും ആരോഗ്യരംഗത്തെ വിദഗ്ധരും ആവശ്യപ്പെട്ടിരിക്കുകയാണ്. സാമൂഹിക അവബോധവും സാമൂഹിക പിന്തുണയും ആവശ്യപ്പെടുന്ന ധാര്‍മികവും ക്രിയാത്മകവുമായ സവിശേഷ അഭ്യര്‍ത്ഥനയാണ് സമര്‍പ്പിത ബോധത്തോടെ നേതൃത്വം മുന്നോട്ട്‌വെച്ചിട്ടുള്ളത്. മഹാമാരിയുടെ പേരില്‍ മാനവിക നന്മ തകര്‍ത്തെറിയപ്പെടരുതെന്നും മനുഷ്യത്വപരമായ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്താന്‍ സമൂഹം സജീവ സന്നദ്ധമാകണമെന്നും ചിന്തിപ്പിക്കുന്നതാണ് പ്രസ്തുത അഭ്യര്‍ത്ഥനയുടെ ഉള്ളടക്കം.