ഭുവനേശ്വര്‍: പണം ഇല്ലാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് 90 കിലോമീറ്റര്‍ ദൂരം ട്രോളി റിക്ഷ വലിച്ച് ആശുപത്രിയിലെത്തിച്ച കാന്‍സര്‍ ബാധിത മരിച്ചു. കഴിഞ്ഞ ദിവസം ഒഡീഷയിലെ പുരിയില്‍ നിന്ന് കബീര്‍ ഭാര്യയെ എസ്‌സിബി മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനായി 90 കിലോമീറ്റര്‍ ദൂരം ട്രോളി റിക്ഷ വലിച്ചത്.

ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ കബീറിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള ഭാര്യയെ ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ കൈയില്‍ പണം ഇല്ലായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് തന്നെ മടങ്ങി.

വെള്ളിയാഴ്ച രോഗിയുടെ ആരോഗ്യനില വഷളായതോടെ മെഡിക്കല്‍ കോളജിലെത്തിക്കാന്‍ ഓട്ടോറിക്ഷക്കാരെ സമീപിച്ചപ്പോള്‍ 1200 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും തുക ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് 50 രൂപയ്ക്ക് ട്രോളി റിക്ഷ വാടകയ്ക്ക് എടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ ചികിത്സ നല്‍കിയെങ്കിലും സുകന്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലോ, ആംബുലന്‍സിലോ ഭാര്യയെ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സുകന്തി ഇപ്പോഴും ജീവിക്കുമായിരുന്നെന്ന് കബീര്‍ പറഞ്ഞു.