അശ്റഫ് തൂണേരി

ദോഹ:ഖത്തറില്‍ ആദ്യമായി കോവിഡിന്റെ രൂപമാറ്റമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശയാത്ര കഴിഞ്ഞെത്തിയ 4 പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദേശരാജ്യങ്ങളിലല്‍ നിന്ന് ഖത്തറിലേക്ക് മടങ്ങിയെത്തിയ ഇവരില്‍ മൂന്ന് പേര്‍ രണ്ട് ഡോസ് വീതം വാക്സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്സിന്‍ എടുത്തിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

പൊതുജനങ്ങള്‍ കോവിഡ് വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ കൃത്യമായി പാലിക്കണമെന്നും വാക്സിനേഷന്‍ എടുക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. യോഗ്യമായവര്‍ ഉടന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് അര്‍ഹത. അവധി ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് ബൂസ്റ്റര്‍ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതിവേഗം പരിശോധന നടത്തണം.

ഖത്തറില്‍ ഇതേവരെ 196,692 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ചെയ്തുവെന്നും ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.