തിരുവനന്തപുരം: സഹിക്കാവുന്നതിന് അപ്പുറമുള്ള ക്രൂരതയാണ് ഇ അഹമ്മദിന്റെ കുടുംബത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ചതെന്ന് മുന്‍മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അല്‍പമെങ്കിലും ജനാധിപത്യ ബോധം അവശേഷിക്കുന്നുവെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ജനങ്ങളോട് മാപ്പ് ചോദിക്കാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുശോചന യോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിനേതാക്കളോടോ ബന്ധുക്കളോടോ ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇ. അഹമ്മദിന്റെ മരണവിവരം മറച്ച് വെക്കാന്‍ ശ്രമം നടത്തിയത്. രാജ്യത്ത് ഇങ്ങനെ നടക്കുമോ എന്ന് അത്ഭുതം തോന്നി. രാജ്യത്ത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമാണ് ഇതുപോലൊരു സംഭവം. ഇതിന് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. മാതൃകാ ഭരണാധികാരിയായിരുന്നു ഇ.അഹമ്മദ്.

ഭരണാധികാരി എന്ന നിലയില്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ തന്റെതായ വ്യക്തിത്വം കാട്ടിയ നേതാവ്. നാടിനോടും ജനങ്ങളോടും പാര്‍ട്ടിയോടും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഇ. അഹമ്മദ്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടമായത് വിലപ്പെട്ട സഹപ്രവര്‍ത്തകനെയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.