ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം കടുത്ത പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ സര്‍ക്കാര്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇന്നലെ ബില്‍ അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് ബില്‍ അവതരിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമിച്ചത്.

ബില്‍ സഭ പരിഗണിച്ചു പാസ്സാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു ഭരണപക്ഷവും, സിലക്ട് കമ്മിറ്റി പരിഗണിച്ചു ബില്‍ മെച്ചപ്പെടുത്തട്ടെയെന്നു പ്രതിപക്ഷവും നിലപാടെടുത്തോടെ രാജ്യസഭയില്‍ ഇരുപരക്ഷവുമ തമ്മിലുള്ള വാക്‌പോര് രൂക്ഷമായി. തുടര്‍ന്ന് സഭ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാവാതെ പിരിയുകയായിരുന്നു.

 

അതേസമയം, ലോക്സഭയില്‍ മുത്തലാഖ് ബില്‍ പാസായ ശേഷവും മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പിരിയുന്ന പ്രവണത രാജ്യത്ത് ഉണ്ടായെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പറഞ്ഞു. ഇന്നലെ വൈകുന്നേരം ചേര്‍ന്ന കാര്യോപദേശക സമിതിയിലും മുത്തലാഖ് ബില്ലിനെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങള്‍ വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. . കോണ്‍ഗ്രസ് എം.പി ആനന്ദ് ശര്‍മയാണ് ബില്‍  സെലക്ട് കമ്മറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടത്. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ബില്‍ പാസ്സാക്കിയത്.