ബീജിങ്: ഇന്ത്യയുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. ചൈനാ-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി(സി.പി.ഇ.സി) വാണിജ്യ, സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണെന്നും ഇതില്‍ ഏത് രാഷ്ട്രത്തിനും സഹകരിക്കാമെന്നും നവാസ് ഷരീഫ് പറഞ്ഞു. ചൈനീസ് തലസ്ഥാനമായ ബീജിങില്‍ നടന്ന ബെല്‍റ്റ് റോഡ് ഫോറം (ബി.ആര്‍.എഫ്) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മീരിലെ ചൈനയുടെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു.
ചൈനാ-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടി തുറന്നിടപ്പെട്ടിട്ടുള്ള സാമ്പത്തിക സംരംഭമാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു. അതിന് ഭൂമിശാസ്ത്രപരമായ അതിരുകള്‍ ബാധകമല്ല- നവാസ് ഷരീഫ് പറഞ്ഞു.
സമാധാനത്തിലും സൗഹൃദത്തിലും അധിഷ്ടിതമായ അയല്‍പക്ക ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ നമ്മള്‍ പരസ്പരം പങ്കുവെക്കുകയും സംഘര്‍ഷങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണുകയും ചെയ്യേണ്ട വേളയാണിത്. ഭാവി തലമുറക്കു വേണ്ടി സമാധാനത്തിന്റെ പുതിയ നയതന്ത്ര മേഖലകള്‍ രൂപപ്പെടണമെന്നും നവാസ് ഷരീഫ് പറഞ്ഞു.
നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴിയുടെ നല്ലൊരു ഭാഗം കടന്നുപോകുന്നത് പാക് അധീന കശ്മീരിലൂടെയാണ്. ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തുകൂടി ചൈനയുടെ സഹായത്തോടെ നടത്തുന്ന വികസന പ്രവര്‍ത്തനം ഇന്ത്യയുടെ പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ബെല്‍റ്റ് റോഡ് ഫോറത്തില്‍നിന്ന് വിട്ടുനിന്നത്. ഇന്ത്യയുടെ നിലപാടിനെ നവാസ് ഷരീഫ് പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇന്ത്യക്ക് ഇനിയും അവസരം ഉണ്ടെന്നായിരുന്നു
ഇതേക്കുറിച്ച് നവാസ് ഷരീഫിന്റെ പരാമര്‍ശം. ചൈനയുമായി സമുദ്രാതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ജപ്പാനും വിയറ്റ്‌നാമും സമ്മേളനത്തിലേക്ക് ഉന്നതതല ഉദ്യോഗസ്ഥ പ്രതിനിധികളെ അയച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന അമേരിക്കയും അവസാന നിമിഷം നിലപാട് മാറ്റി. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് മാറ്റ് പോട്ടിംഗറുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് യു.എസ് സമ്മേളനത്തിന് അയച്ചത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിന്‍ഹെ, നേപ്പാള്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ കൃഷ്ണ ബഹദൂര്‍ മഹാര, എന്നിവരും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളും സമ്മളനത്തില്‍ സംബന്ധിച്ചു.
ഇതിനിടെ ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് 5000 കോടി യു.എസ് ഡോളറിന്റെ നിര്‍ദിഷ്ട ഹൈഡല്‍ പവര്‍ പ്രോജക്ട് പദ്ധതിയിലും ചൈനയും പാകിസ്താനും ഒപ്പുവെച്ചു. ബി.ആര്‍.എഫ് സമ്മേളനത്തിനു മുന്നോടിയായി പാക് പ്രധാനമന്ത്രി നവാസ് ഷരീഫും ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തര്‍ക്ക പ്രദേശമായ ജില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയില്‍ സിന്ധൂ നദയില്‍ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ധാരണാപത്രത്തില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്.