വാഷിങ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സബ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായ ടെഡ്‌പോയാണ് ജനപ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഭീകരവാദത്തെ പിന്‍തുണക്കുന്ന രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കമമെന്നും അല്ലാത്ത പക്ഷം എന്തുകൊണ്ട് അതിന് സാധ്യമല്ലെന്നുള്ളതിന് വിശദീകരണം നല്‍കണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു.ഇസ്‌ലാമാബാദ് കാലങ്ങളായി അമേരിക്കയുടെ ശത്രുക്കളെ പിന്‍തുണക്കുന്നതായും ബില്‍ അവതരണത്തിനിടെ ടെഡ് പോ പറഞ്ഞു. ആയതുകൊണ്ട് ഇസ്‌ലാമാബാദിനെ വിശ്വസിക്കാന്‍ കൊള്ളാത്ത പങ്കാളിയാണെന്നും ടെഡ്‌പോ കൂട്ടിച്ചേര്‍ത്തു. ബിന്‍ലാദനെ ചൂണ്ടിക്കാട്ടിയായിരുന്നു ടെഡ്‌പോയുടെ ആരോപണം.പുതിയ ബില്ലിലൂടെ ഇസ്‌ലാമാബാദുമായുളള അമേരിക്കന്‍ ബന്ധം പുനപരിശോധിക്കാന്‍ സാധ്യതയുള്ളതായും സൂചനയുണ്ട്.