പാലക്കാട്: പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട്-കോഴിക്കോട് റൂട്ടിലോടുന്ന ബസ്സിലെ ഡ്രൈവര്‍ അബൂബക്കറിനെയാണ് ബസ്സില്‍ കയറി അക്രമി സംഘം മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.

പാലക്കാട് മൂണ്ടൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. വിവാഹസംഘത്തെ ബസ് ഓവര്‍ടേക്ക് ചെയ്തതുമായുള്ള പ്രശ്‌നമാണ് അക്രമത്തിലേക്ക് നയിച്ചത്. മറ്റൊരു വാഹനത്തിലെത്തിയ സംഘം ബസ് തടഞ്ഞ് അകത്ത് കയറുകയായിരുന്നു. ബസ്സില്‍ കയറി ഡ്രൈവറെ ആക്രമിക്കുമ്പോള്‍ കണ്ടക്ടര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും ആക്രമണം തുടര്‍ന്നു. മുഖത്തടിയേറ്റ അബൂബക്കറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെമണ്ണാര്‍ക്കാട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് വെളിപ്പെടുത്തി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.