കോഴിക്കോട്: പാലത്തായി പീഡനക്കേസില്‍ പ്രതിക്കെതിരായ പോക്‌സോ കേസ് ഒഴിവാക്കിയതിനും ഇരയായ പെണ്‍കുട്ടിക്ക് കള്ളം പറയാറുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനെയും വിമര്‍ശിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് നേതാവ് പികെ ഫിറോസ്. പാലത്തായിയിലെ പീഡനക്കേസില്‍ പ്രതിയെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്ന് ഫിറോസ് ആരോപിച്ചു.

പോക്‌സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സര്‍ക്കാറിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കൂടാതെ ഇരയായ പെണ്‍കുട്ടി കള്ളം പറയുന്ന ആളാണെന്നും ഹലൂസിനേഷന്‍(മതിഭ്രമം) ഉള്ള വ്യക്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത് വിചാരണയില്‍ പ്രതിയെ സഹായിക്കാന്‍ കാരണമാകാവുന്നതാണ്.

അതേ സമയം പെണ്‍കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോ പെണ്‍കുട്ടിക്കനുകൂലമായി സഹപാഠികള്‍ നല്‍കിയ മൊഴിയോ കോടതിയില്‍ സമര്‍പ്പിച്ചിട്ടുമില്ല. കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ സ്ഥലമോ സമയമോ പറയുന്നതില്‍ കൃത്യതയില്ലെങ്കില്‍ പോലും കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള ഒരു നാട്ടിലാണ് അക്കാരണം പറഞ്ഞ് പോക്‌സാ ചാര്‍ജ് പോലും ചുമത്താതെ പ്രതിയെ ഈ സര്‍ക്കാര്‍ സഹായിക്കുന്നത്. ശിശുക്ഷേമ മന്ത്രിയുടെ നാട്ടിലെ ഒരു പെണ്‍കുട്ടിയുടെ ഗതിയിതാണെങ്കില്‍ മറ്റുള്ളവരുടെ ഗതിയെന്താവും?- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.