News

പലസ്തീന്‍ ഐക്യദാര്‍ഢ്യം; യൂറോപ്പില്‍ ഇസ്രാഈലിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങള്‍

By webdesk18

October 05, 2025

ഇസ്രാഈല്‍ നരഹത്യ തുടരുന്നതിനിടെ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി യുകെ, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ രാജ്യങ്ങളില്‍ പതിനായിരങ്ങളുടെ കൂറ്റന്‍ റാലികള്‍. സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്‌സലോണയിലും മാഡ്രിഡിലുമായി ശനിയാഴ്ച നടന്ന നടന്ന പ്രതിഷേധ റാലികളില്‍ 70,000ലേറെ പേര്‍ പങ്കെടുത്തതെന്നാണ് പൊലീസ് കണക്കെന്ന് ബാഴ്‌സലോണ ടൗണ്‍ ഹാള്‍ അറിയിച്ചു.

ഇസ്രാഈല്‍ ഉപരോധത്തിനിടെ ഗസ്സയിലേക്ക് ബോട്ടുകളില്‍ സഹായവുമായി പോയ ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടിലയുടെ ബോട്ടുകള്‍ ഇസ്രാഈല്‍ തടഞ്ഞിരുന്നു. ഇതില്‍ ഇസ്രാഈല്‍ കസ്റ്റഡിയിലെടുത്ത 450ലേറെ ആക്ടിവിസ്റ്റുകളില്‍ മുന്‍ ബാഴ്‌സലോണ മേയര്‍ ഉള്‍പ്പെടെ 40ലധികം സ്‌പെയിന്‍കാരും ഉള്‍പ്പെടുന്നു.

ഗസ്സ എന്നെ വേദനിപ്പിക്കുന്നു, വംശഹത്യ അവസാനിപ്പിക്കൂ, ഫ്‌ലോട്ടിലയെ മോചിപ്പിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി ബാഴ്‌സലോണയിലെ വിശാലമായ പാസെയ്ഗ് ഡി ഗ്രാസിയയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞു. പ്രതിഷേധക്കാര്‍ ഫലസ്തീന്‍ പതാകകളേന്തിയും ഫലസ്തീനിനെ പിന്തുണയ്ക്കുന്ന ടീഷര്‍ട്ടുകള്‍ ധരിച്ചുമാണെത്തിയത്.

സ്‌പെയിനില്‍ സമീപ ആഴ്ചകളില്‍ ഫലസ്തീനികള്‍ക്കുള്ള പിന്തുണയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാരിനെതിരെ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് പ്രതിഷേധങ്ങള്‍ ശക്തമാക്കുന്നത്. ഇസ്രാഈലിന്റെ ഉടമസ്ഥതയിലുള്ള സൈക്ലിങ് ടീമിന്റെ പ്രാതിനിധ്യത്തിനെതിരെ കഴിഞ്ഞ മാസം സ്പാനിഷ് വൂള്‍ട്ട സൈക്ലിങ് പരിപാടിക്കെതിരെയും പ്രതിഷേധം നടന്നിരുന്നു. ഗസ്സയ്‌ക്കെതിരായ ആക്രമണത്തെ വംശഹത്യ എന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു.

ഫ്‌ലോട്ടിലയെ ഇസ്രാഈല്‍ സൈന്യം തടഞ്ഞതിനു പിന്നാലെയാണ് ഇറ്റലി തലസ്ഥാനമായ റോമിലും പോര്‍ച്ചുഗലിലെ ലിസ്ബണിലും പ്രകടനങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നത്. പിന്നാലെ 20 ലക്ഷം പേര്‍ അണിനിരന്ന റാലിക്കാണ് വെള്ളിയാഴ്ച ഇറ്റലി സാക്ഷിയായത്. മിലാനില്‍ നടന്ന പ്രതിഷേധത്തില്‍ ലക്ഷം ആളുകള്‍ പങ്കെടുത്തെന്ന് സിജിഐഎല്‍ (ഇറ്റാലിയന്‍ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍) വ്യക്തമാക്കി.

ലിയനാര്‍ഡോ ഡാവിഞ്ചി സ്മാരക സ്‌ക്വയറില്‍ ഫലസ്തീന്‍ പതാകയും ‘ഫ്രീ ഫലസ്തീന്‍’ മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍ നിറഞ്ഞു. ഗിനോവയില്‍ 40,000 ആളുകളും ബ്രെസ്ചയില്‍ 10,000 പേരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു. വെനീസിലെ എ4 ടോള്‍ പ്ലാസ ആയിരക്കണക്കിനാളുകള്‍ ഉപരോധിച്ചു. ‘വംശഹത്യ അവസാനിപ്പിക്കുക, ഞങ്ങള്‍ എല്ലാം സുമൂദ് ഫ്‌ലോട്ടില’ എന്നെഴുതിയ ബാനറുമായി റോമില്‍ ആയിരങ്ങള്‍ മാര്‍ച്ച് നടത്തി. റോമിലെ റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധക്കാര്‍ നിറഞ്ഞതോടെ ട്രെയിനുകള്‍ റദ്ദാക്കുകയും നിരവധി ട്രെയിനുകള്‍ വൈകുകയും ചെയ്തു. നേപ്പിള്‍സ്, ലിവോര്‍ണോ, സലേര്‍ണോ തുറമുഖങ്ങളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

സെന്‍ട്രല്‍ ലണ്ടനില്‍ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ 442 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റോമിലും പ്രതിഷേധം നടക്കാനിരിക്കുകയാണ്. മൂന്ന് ഫലസ്തീന്‍ അനുകൂല സംഘടനകളും പ്രാദേശിക യൂണിയനുകളും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനൊരുങ്ങുന്നത്. പോര്‍ട്ട സാന്‍ പൗലോയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സാന്‍ ജിയോവാനിയില്‍ സമാപിക്കും. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നതായി സ്‌റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.